സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി യു എ ഇയില്‍ നിരവധി റിക്രൂട്ടുമെന്റുകള്‍ നടന്നതായി കണ്ടെത്തല്‍. 3,000 ദിര്‍ഹം വരെ അടിസ്ഥാന ശമ്ബളം വാഗ്ദാനം ചെയ്തു കമ്ബ്യൂട്ടര്‍ പ്രവൃത്തി പരിചയമുള്ളവരെയാണ് കെണിയില്‍ വീഴ്ത്തിയത്.
അന്താരാഷ്ട്ര സൈബര്‍ ക്രൈം സിന്‍ഡിക്കേറ്റുകളായിരുന്നു ഇതിനു പിന്നില്‍. ഇവര്‍ക്ക് സങ്കീര്‍ണ ശൃംഖല ഉള്ളതായും പോലീസ് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ ഇതിന്നായി പോലീസ് പരിശോധന നടന്നു. നൂറുകണക്കിനാളുകള്‍ അറസ്റ്റിലായതായി അറിയുന്നു. ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉള്‍പ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റഫര്‍ ചെയ്യും.
ഏഴ് പെണ്‍കുട്ടികളുമൊത്ത് ഇടുങ്ങിയ താമസസ്ഥലത്താണ് കഴിയേണ്ടി വന്നതെന്ന് ഇത്തരത്തില്‍ ജോലിക്കെത്തിയ ഒരു ഏഷ്യക്കാരി പറഞ്ഞു. കൃത്യസമയത്ത് ജോലി ആരംഭിക്കാത്തതിനും നീണ്ട ഇടവേളകള്‍ എടുക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതിനും വലിയ പിഴ നല്‍കേണ്ടി വന്നു.’ഞങ്ങളുടെ കെട്ടിടം പുറത്തുകടക്കലുകള്‍ നിരീക്ഷിക്കുന്ന ഗാര്‍ഡുകളുള്ള ഒരു ജയില്‍ പോലെ തോന്നി. എന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. ഫോണ്‍ രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ തൊഴിലുടമകള്‍ സൂക്ഷിച്ചു. അവര്‍ പറഞ്ഞു.
‘സ്മിഷിംഗ്’ എന്നറിയപ്പെടുന്ന പാഴ്‌സല്‍, പാക്കേജ് ഡെലിവറി തട്ടിപ്പുകളും അവര്‍ കൈകാര്യം ചെയ്തു. എമിറേറ്റ്സ് പോസ്റ്റ് പോലെയുള്ള വിശ്വസ്ത സ്ഥാപനമായി ആള്‍മാറാട്ടം നടത്തുന്ന സന്ദേശങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ടു. സന്ദേശങ്ങളില്‍ പലപ്പോഴും നിയമാനുസൃത സൈറ്റുകളെ അനുകരിക്കുന്ന വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയിരുന്നു. ഇരകളോട് വ്യക്തിപരവും സാമ്ബത്തികവുമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ, ഡേറ്റിംഗ് ആപ്പുകള്‍, വാട്ട്സ്‌ആപ്പ്, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ ഉപയോഗിച്ച് പ്രണയ തട്ടിപ്പുകള്‍ ‘അധ്യാപകര്‍’ കൈകാര്യം ചെയ്തു. പലപ്പോഴും തെറ്റ് വന്നതായി നടിച്ച് തുടങ്ങുകയും തിരുത്തിയ ശേഷവും സംസാരം തുടരുകയും ചെയ്യും.
കാലക്രമേണ, അവര്‍ ആത്മവിശ്വാസം വളര്‍ത്തുകയും ക്രിപ്റ്റോകറന്‍സി ട്രേഡിംഗില്‍ നിക്ഷേപിക്കുന്നതിന് ഇരകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ രഹസ്യമായി നിയന്ത്രിക്കുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ വെബ്സൈറ്റ് സന്ദര്‍ശിക്കാനോ അവര്‍ ഇരകളെ പ്രേരിപ്പിക്കുന്നു.
മുന്നറിയിപ്പ്
അതിനിടെ, ‘നിങ്ങളുടെ പാസ്പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു’ എന്ന തരത്തില്‍ തങ്ങളുടേതെന്ന് തോന്നിക്കുന്ന പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ദുബൈ ജി ഡി ആര്‍ എഫ് എ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളില്‍ നിന്നുള്ള നമ്ബറുകളിലാണ് സന്ദേശങ്ങള്‍ അയക്കുന്നത്. ഫീസ് ആവശ്യപ്പെട്ട് ഷിപ്പിങ് കമ്ബനികളുടെ പേരില്‍ വ്യാജസന്ദേശ തട്ടിപ്പിനെതിരെ അജ്മാന്‍ പോലീസും മുന്നറിയിപ്പ് നല്‍കി.