സെയ്ഫിനെതിരായ ആക്രമണത്തിൽ അടിമുടി ദുരൂഹത;

വിരലടയാളം പ്രതിയുടേതല്ലെന്ന് പൊലീസ്
19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ചത്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അടിമുടി ദുരൂഹത. നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പൊലീസ് ഇപ്പോൾ പിടികൂടിയ ആളുടേതല്ലെന്ന് സ്ഥിരീകരണം.

19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ചത്. മുംബൈ പൊലീസ് ഇവ ആരുടെതെന്ന് കണ്ടെത്താനായി സിഐഡിക്ക് അയച്ചിരുന്നു. എന്നാൽ വിരലടയാള ഫലം പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. ഇവയ്‌ക്കൊന്നും പ്രതിയുടേതുമായി സാമ്യമില്ലായിരുന്നു. പൊലീസ് കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്യാനായി അയച്ചിട്ടുണ്ട്.

സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കെയാണ് പുതിയ കണ്ടെത്തൽ പുറത്തുവരുന്നത്. നേരത്തെ സെയ്ഫ് പറഞ്ഞ കാര്യങ്ങളും ആശുപത്രി രേഖകകളും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നടനെ ആശുപത്രിയിൽ എത്തിച്ച സമയവും, കൊണ്ടുവന്നത് ആര് എന്ന കാര്യങ്ങളിലായിരുന്നു പൊരുത്തക്കേട്. സെയ്ഫിന്റെ ഒപ്പം മകൻ എന്നായിരുന്നു ആദ്യം വന്ന വിവരങ്ങൾ. എന്നാൽ ആശുപത്രി രേഖകളിൽ അവ സുഹൃത്ത് എന്നാണ്. വസതിയിൽ നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത് ഒന്നേമുക്കാൽ മണിക്കൂർ വൈകിയാണെന്നതും ഏറെ സംശയമുളവാക്കിയിരുന്നു.

അതേസമയം, സെയ്ഫിനെ ആക്രമിച്ച കേസിൽ ഒന്നിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞിരുന്നു. അറസ്റ്റിലായ ബംഗ്ലാദേശി പൗരനായ ശരീഫുൾ ഇസ്‌ലാമിന്റെ റിമാൻഡ് ആവശ്യപ്പെട്ടുളള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വച്ച് കുത്തേറ്റത്. പുലര്‍ച്ചെ നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രതി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയവും പൊലീസ് ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *