ലുസൈല്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനങ്ങള്‍ക്ക് തീപടരാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. രണ്ടു വർഷം മുമ്ബ് ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാൻസും അർജന്റീനയും മാറ്റുരച്ചതിന്റെ ഓർമകള്‍ക്കിടെ ഡിസംബർ 18ന് വീണ്ടുമൊരു ഫുട്ബാള്‍ ഉത്സവം.
ഫിഫ ഇന്റർകോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ മാറ്റുരക്കുന്ന റയല്‍ മഡ്രിഡ് സംഘം തിങ്കളാഴ്ച രാത്രിയോടെ ദോഹയിലെത്തി. ശനിയാഴ്ച സ്പാനിഷ് ലീഗില്‍ റയോ വയെകാനോയോട് 3-3ന് സമനില വഴങ്ങിയതിനു പിന്നാലെയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ദോഹയിലേക്ക് പറന്നത്. ബുധനാഴ്ച രാത്രി ഖത്തർ സമയം എട്ടുമണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.
രണ്ടു മത്സരങ്ങള്‍ ജയിച്ചെത്തിയ മെക്സിക്കൻ ക്ലബ് പചൂകയാണ് കിരീടപ്പോരാട്ടത്തില്‍ റയലിന്റെ എതിരാളി. പരിക്കേറ്റ് കിലിയൻ എംബാപ്പെ ഒരാഴ്ചത്തെ വിശ്രമവുമായി ഖത്തറിലെത്തുമ്ബോള്‍ കളത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിനീഷ്യസ് ജൂനിയർ, കാർവഹാല്‍, ലൂകാ മോഡ്രിച്, റോഡ്രിഗോ, എൻഡ്രിക്, ബെല്ലിങ്ഹാം, കാമവിംഗ തുടങ്ങിയ സൂപ്പർതാരങ്ങളും സംഘത്തിനൊപ്പമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ടീമിന്റെ പരിശീലന സെഷൻ.
റയലിന്റെ സൂപ്പർ മത്സരം കാണാൻ ടിക്കറ്റെടുത്ത ആരാധകർ മൊബൈലില്‍ ഫിഫ ഇന്റർകോണ്ടിനെന്റല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഡിജിറ്റല്‍ ടിക്കറ്റ് ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ച് സംഘാടകർ. നേരത്തേ ടിക്കറ്റ് എടുത്തവർക്ക് ആപ് രജിസ്ട്രേഷനില്‍ ഇ-മെയില്‍ ഐ.ഡി നല്‍കുമ്ബോള്‍ തന്നെ ടിക്കറ്റും ലഭ്യമാകും. ഈ ടിക്കറ്റ് സ്റ്റേഡിയം ഗേറ്റില്‍ കാണിച്ചാല്‍ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ.