സുരക്ഷ വീഴ്ച: ഔദ്യോഗികവാഹനം കണ്ടില്ല കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുമരകംയാത്ര ഓട്ടോയില്‍

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങളില്‍ വീഴ്ച. മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമർപ്പണച്ചടങ്ങിനെത്തിയപ്പോഴായായിരുന്നു വീഴ്ച സംഭവിച്ചത്.

ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതിനെത്തുടർന്ന് അഞ്ചുമിനിറ്റു കാത്തുനിന്ന ശേഷം കേന്ദ്രമന്ത്രി സൂരേഷ്ഗോപി ഓട്ടോ റിക്ഷയില്‍ യാത്ര തുടര്‍ന്നു. ക്ഷേത്രത്തിലെ
ദീപക്കാഴ്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ശേഷം മടങ്ങാൻ പോകുമ്ബോഴായിരുന്നു ഔദ്യോഗിക വാഹനം എത്താൻ വൈകിയത്.

വാഹനം കാത്ത് അദ്ദേഹം അഞ്ചു മിനിറ്റിലധികം ക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്ക് സമീപം റോഡില്‍ നിന്നു. ഇതേ സമയം എം.പിയുടെ ഔദ്യോഗിക വാഹന വ്യുഹം അദ്ദേഹത്തെ കാത്ത് പടിഞ്ഞാറെ നടയില്‍ നില്‍ക്കുകയായിരുന്നു. വാഹനം വൈകുന്നതുകണ്ട് അവിടെ കിടന്ന ഒരു ഓട്ടോ റിക്ഷയില്‍ കയറിയ സുരേഷ്ഗോപി കുമരകത്തേക്ക് പോകാൻ ഓട്ടോഡ്രൈവറോട് ആവശ്യപ്പെട്ടു.

ഓട്ടോ ഡ്രൈവർ ആദ്യം മടിച്ചെങ്കിലും വണ്ടിയെടുത്തു. എന്നാല്‍ രണ്ട് കിലോ മീറ്റർ പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴേക്കും വിവരമറിഞ്ഞ് എം.പിയുടെ വാഹന വ്യൂഹം പാഞ്ഞെത്തി. പിന്നീട് ഔദ്യോഗിക വാഹനത്തില്‍ യാത്രതുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *