സുനാമി പ്രതിരോധ തയ്യാറെടുപ്പ് മോക്ക്ഡ്രില്‍ ഇന്ന്

സുനാമി പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമായ മോക്ക്ഡ്രില്‍ ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3. 30ന് പുറക്കാട് പഞ്ചായത്തിലെപൂത്തോപ്പ് ഭാഗത്ത് നടക്കും.

സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ യുനെസ്‌കോ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സുനാമി പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം.
മോക് ഡ്രില്ലുമായി ബന്ധപ്പെട്ട അവസാനഘട്ട ആലോചനയോഗം വ്യാഴാഴ്ച പുറക്കാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ നടന്നു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയും സംയുക്തമായി ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് മോക് ഡ്രില്‍ നടത്തുന്നത്. മോക് ഡ്രില്ലിൻ്റെ ഭാഗമായി പ്രദേശവാസികളെ ബോധവല്‍ക്കരിക്കുന്നതിന് ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികള്‍ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പുറക്കാട്ട് ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു.
ദുരന്തസാഹചര്യത്തില്‍ ആളുകളെ ചിട്ടയോടുകൂടി ഒഴിപ്പിക്കുന്ന പ്രക്രിയയില്‍ വകുപ്പുകള്‍ക്കും, ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് സംബന്ധിച്ച്‌ പൊതുസമൂഹത്തിനും മോക്ഡ്രില്ലില്‍ പരിശീലനം നല്‍കും. പുറക്കാട് പഞ്ചായത്തിലെ 8, 9 വാർഡുകളിലെ ജനങ്ങള്‍ക്കാണ് മോക് ഡ്രില്ലില്‍ പരിശീലനം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *