ഒരുപാട് സുഖവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്നും എന്നാല്‍, മാതാപിതാക്കളുടെ വേർപിരിയല്‍ എല്ലാം തകിടംമറിച്ചെന്നും നടി ശ്രുതി ഹാസൻ.
ഒരു കാലത്ത് വാർത്തകളില്‍ ഇടംപിടിച്ച ഒന്നായിരുന്നു താരങ്ങളായ കമല്‍ഹാസന്റെയും സരികയുടെയും വിവാഹമോചനം. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങള്‍ക്കിപ്പുറം മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് മനസുതുറക്കുകയാണ് മകള്‍ ശ്രുതി ഹാസൻ. സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“സന്തോഷവും സമ്ബന്നവുമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഒരുപാട് സന്തോഷവും സുഖവും നിറഞ്ഞതായിരുന്നു എന്റെ ബാല്യകാലം. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും വേർപിരിയില്‍ അതെല്ലാം തകിടംമറിച്ചിരുന്നു. വിവാഹബന്ധത്തില്‍ നിന്ന് അമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു സ്ത്രീ എങ്ങനെയാണ് സ്വയംപര്യാപ്തയാകേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് മനസിലാക്കാൻ സാധിച്ചത്”.
“തങ്ങളുടെ തീരുമാനത്തെ കുറിച്ച് ആത്മാർത്ഥതയോടെ തുറന്നുസംസാരിക്കാനുള്ള പക്വത അച്ഛനും അമ്മയ്‌ക്കും ഉണ്ടായിരുന്നു. എല്ലാത്തിനുമുപരി അവർ മക്കളുടെ സന്തോഷത്തിനാണ് പ്രാധാന്യം നല്‍കിയത്. പുറത്ത് സന്തോഷം തോന്നിപ്പിക്കുന്ന പല കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാകും. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോള്‍ അവർ വളരെയധികം സന്തോഷത്തിലായിരുന്നു. ഏറ്റവും നല്ല ദമ്ബതികളായിരുന്നു അവർ. പരസ്പരം ഒരുമിച്ച് ജോലി ചെയ്യും. ഒരുമിച്ച് യാത്രകള്‍ ചെയ്യും’.
“ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ അവർ ശ്രമിച്ചിരുന്നു. പക്ഷേ, അതിന് കഴിഞ്ഞില്ല. പിരിഞ്ഞ് ജീവിക്കുന്നത് അവർക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അതാണ് തങ്ങളുടെയും സന്തോഷമെന്ന്” ശ്രുതി ഹാസൻ പറഞ്ഞു.