സീസണ്‍ തുടങ്ങി: ഇനി ക്യാമ്ബുകളില്‍ പോയി രാപ്പാര്‍ക്കാം

തണുപ്പ് കാലത്തെ വരവേറ്റുകൊണ്ട് ബഹ്റൈനില്‍ ക്യാമ്ബിങ് സീസണിന് തുടക്കം. അവാലി മുതല്‍ സാഖിർ വരെയുള്ള പ്രദേശത്ത് ടെന്റുകള്‍ ഉയർന്നുകഴിഞ്ഞു.

അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് സീസണ്‍. 2,600ലധികം ക്യാമ്ബ് സൈറ്റുകള്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷൻ നവംബർ 25 വരെ നടത്താം. ഈ കാലയളവിനുള്ളില്‍ 10,000 രജിസ്ട്രേഷനാണ് പ്രതീക്ഷിക്കുന്നത്.

ക്യാമ്ബിങ്ങിന്റെ ഒരുക്കവും സുരക്ഷയും വിലയിരുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആല്‍ ഖലീഫ ടെന്റുകള്‍ സന്ദർശിച്ചു. നഗരത്തിരക്കുകളില്‍നിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തില്‍ വിശ്രമിച്ച്‌ ക്യാമ്ബിങ് നടത്താൻ ഉയർന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കാനായി എല്ലാ ഏജൻസികളെയും ഏകോപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ഹമദ് അല്‍ ഖയ്യത്ത്, സതേണ്‍ ഗവർണറേറ്റ് ഉദ്യോഗസ്ഥർ, മുനിസിപ്പാലിറ്റി അംഗങ്ങള്‍, പൊലീസുകാർ, സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

സുരക്ഷാ നിർദേശങ്ങള്‍ കർശനമായി പാലിക്കേണ്ടതുണ്ട്. പാരിസ്ഥിതികവും സുരക്ഷാസംബന്ധവുമായ നിയന്ത്രണങ്ങള്‍ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. മൊബൈല്‍ ഫോണുകളില്‍ അല്‍ ജനോബിയ ആപ് ഉപയോഗിച്ച്‌ രജിസ്ട്രേഷൻ നടത്താം.

അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല. സുരക്ഷിതവും സമാധാനപരമായതുമായ ടെന്‍റ് സീസണ്‍ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ ചുമതലപ്പെടുത്തി.

ക്യാമ്ബ് ചെയ്യുന്നവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരുടെ എല്ലാ നിയമങ്ങളും നിർദേശങ്ങളും പാലിക്കണം. ക്വാഡ് ബൈക്കില്‍ പോകുന്നവർ ഹെല്‍മറ്റ് ധരിക്കണം. സാധാരണ വാഹനങ്ങള്‍ ഓടിക്കുന്നവർ വേഗത പരിധി പാലിക്കണം. സൈറ്റില്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ഇലക്‌ട്രോണിക് ഉപകരണങ്ങളും വയറുകളും തകരാറുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ഒരു ദുരന്തം സംഭവിക്കുന്നത് തടയാൻ നിരീക്ഷിക്കുകയും വേണം.

ക്യാമ്ബിങ് സുരക്ഷിതവും കൂടുതല്‍ സുഖകരവുമാക്കാനും ക്യാമ്ബർമാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ‘ ഖയ്യിം’ ഡിജിറ്റല്‍ സംരംഭംപോലുള്ള ഇലക്‌ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഓണ്‍ലൈനില്‍ ഒരുക്കിയിട്ടുണ്ട്.

2024-2025 സീസണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും [email protected] എന്ന ഇ-മെയില്‍ വഴി നടത്താം. 17750000 എന്ന നമ്ബറിലും വിവരങ്ങള്‍ ലഭ്യമാണ്. അല്‍ ജനോബിയ ആപ്പില്‍ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങള്‍ ലഭിക്കും.

ആഴ്ചതോറും തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്‍റിന് കാഷ് അവാർഡ് നല്‍കുമെന്ന് കഴിഞ്ഞ വർഷം യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ചിരുന്നു. ടെന്റുകളില്‍ ക്യാമ്ബിങ് നടത്തുന്നവർ ബാർബിക്യൂവും ബോണ്‍ഫയറുമൊക്കെയായി രാത്രി ആസ്വദിക്കും. ടെന്‍റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *