സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്കാന് മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഇന്ന് ആലപ്പുഴയില്‍.കളപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ച് രാവിലെ 10.30നാണ് യോഗം.സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍ കായലിലേക്ക് വന്നാല്‍ എതിര്‍ക്കുമെന്ന് നേരത്തെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പദ്ധതി കായലിലേക്ക് കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകള്‍ ആശങ്കയായി മുന്നോട്ട് വെക്കുന്നത്.2013ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് സീപ്ലെയിന്‍. അന്ന് സിഐടിയു, എഐടിയുസി പിന്തുണയോടെ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന സെസ്ന 206 അംഫിബിയസ് ചെറുവിമാനമാണ് 2013 ജൂണ്‍ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലില്‍ പറന്നിറങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു അന്ന് കന്നിപ്പറക്കല്‍ നിശ്ചയിച്ചിരുന്നതെങ്കിലും വഞ്ചി നിരത്തിയും വല വിരിച്ചും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു.ഇതേ പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.