സി.ടി. രവിയെ വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

 മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരായ അശ്ലീല പരാമർശത്തിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.സി സി.ടി.

രവിയെ വിട്ടയക്കാൻ കർണാടക ഹൈകോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സി.ടി. രവി സമർപ്പിച്ച ഹരജിയില്‍ വെള്ളിയാഴ്ച പരിഗണിച്ച ജസ്റ്റിസ് എം.ജി. ഉമയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണസംഘത്തിന് മുമ്ബാകെ ആവശ്യമുള്ളപ്പോള്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് വിധി.

വ്യാഴാഴ്ച നിയമ നിർമാണ കൗണ്‍സില്‍ സെഷനിടെ അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു വിവാദ സംഭവം നടന്നത്.

ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിനിടെ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കുനേരെ സി.ടി. രവി അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി.

മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്‍ത്രീത്വത്തെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ ചേർത്താണ് സി.ടി. രവിക്കെതിരെ കേസെടുത്തത്.

ഏഴു വർഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും ക്രിമിനല്‍ നടപടിക്രമത്തിലെ 41 എ വകുപ്പുപ്രകാരം നോട്ടീസ് നല്‍കാതെയാണ് പൊലീസ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് സി.ടി. രവിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്തോഷ് ചൗട്ട ചൂണ്ടിക്കാട്ടി.

എന്തു സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സുപ്രീംകോടതിയുടെ മാർഗനിർദേശത്തിനെതിരാണെന്നും അദ്ദേഹം വാദിച്ചു. പൊലീസ് കസ്റ്റഡിയില്‍ തന്റെ കക്ഷിക്ക് മർദനമേറ്റു. തലപൊട്ടി ചോരയൊലിച്ചിരുന്നു. ഡോക്ടർമാർ സി.ടി സ്കാനിന് നിർദേശിച്ചിട്ടുണ്ടെന്നും ഈ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ അദ്ദേഹത്തിനെ വിട്ടയക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാല്‍, കേസില്‍ സി.ടി. രവിയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണെന്നും ഹരജിയെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചെങ്കിലും രവിയെ വിട്ടയക്കാൻ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

വ്യാഴാഴ്ച അറസ്റ്റ് ചെയ്ത സി.ടി. രവിയെ ബെളഗാവി പൊലീസ് വെള്ളിയാഴ്ച രാവിലെ വൈദ്യ പരിശോധനക്കുശേഷം അഞ്ചാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി.

സി.ടി. രവിയുടെ ട്രാൻസിറ്റ് വാറന്റിന് പൊലീസ് അനുമതി തേടി. കേസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാക്കളായ ലക്ഷ്മി ഹെബ്ബാള്‍ക്കർ, ചാമരാജ ഹത്തിഹോളി, ഡി.കെ. ശിവകുമാർ തുടങ്ങിയവർ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ സി.ടി. രവി ബെളഗാവി കാനാപൂര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് സി.ടി. രവി ആരോപിച്ചു.

അറസ്റ്റിന് പിന്നാലെ തന്നെ രാത്രി ബെളഗാവി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോകുകയായിരുന്നെന്നും ചില ഉന്നതരുടെ ഉത്തരവിനനുസരിച്ചാണ് പൊലീസ് പെരുമാറിയതെന്നും ആരോപിച്ച അദ്ദേഹം, സംസ്ഥാന സർക്കാർ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി.

സി.ടി. രവിയുടെ അറസ്റ്റിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ കർണാടകയിലുടനീളം പ്രതിഷേധം അരങ്ങേറി. ചിക്കമഗളൂരു ഹനുമന്തപ്പ സർക്കിളില്‍ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരേയും പ്രാദേശിക നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു: വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരെ അശ്ലീല പ്രയോഗം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.സി സി.ടി. രവി അറസ്റ്റിലായ സംഭവത്തില്‍ പൊലീസ് നടപടിയില്‍ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഇടപെടലുമുണ്ടായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

ബെളഗാവിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്ലീലം നിറഞ്ഞ നാവാണ് സി.ടി. രവിയുടേതെന്നും മുമ്ബും പല നേതാക്കള്‍ക്കുമെതിരെ രവി മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ മുൻ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് ചിക്കമഗളൂരു സ്വദേശിയായ സി.ടി. രവി. പൊലീസ് സ്റ്റേഷനില്‍ സി.ടി. രവിയുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനെയും ശിവകുമാർ വിമർശിച്ചു.

പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ അത്തരത്തില്‍ യോഗം കൂടാൻ പാടില്ലായിരുന്നു. കുടുംബാംഗങ്ങള്‍ക്കോ ഒന്നോ രണ്ടോ നേതാക്കള്‍ക്കോ അദ്ദേഹത്തെ സന്ദർശിക്കാം. എന്നാല്‍, പൊലീസ് സ്റ്റേഷനകത്ത് യോഗം ചേരുകയാണ് ബി.ജെ.പി നേതാക്കള്‍ ചെയ്തത് -അദ്ദേഹം പറഞ്ഞു.

ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ അനുയായികള്‍ സി.ടി. രവിക്കെതിരെ നടത്തിയ രോഷപ്രകടനത്തെ ശിവകുമാർ ന്യായീകരിച്ചു. ലക്ഷ്മി അവരുടെ നേതാവാണ്. ആ നാടിന്റെ മകളാണ് അപമാനിക്കപ്പെട്ടത്. അതിന് ബി.ജെ.പി എന്തിനാണ് പ്രതിഷേധം നടത്തുന്നത്. രവിയില്‍നിന്നുണ്ടാവുന്ന ഇത് ആദ്യത്തെ സംഭവമൊന്നമല്ല.

കഴിഞ്ഞകാലങ്ങളില്‍ പലർക്കുമെതിരെ ഇത്തരം പ്രയോഗങ്ങള്‍ സി.ടി. രവി നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘സിദ്ധരാമുല്ല ഖാൻ’ എന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്. അതാണ് സി.ടി. രവിയുടെ സംസ്കാരം. കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവിടാൻ തയാറാണെന്നും ശിവകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *