‘സിൻവാര്‍ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല’; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് തലവനായിരുന്ന യഹ്‍യ സിൻവാർ അവസാനമായി ഭക്ഷണം കഴിച്ചത് മരണത്തിന്റെ മൂന്ന് ദിവസം മുമ്ബെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇസ്രായേലി ഫോറൻസിക് ഡോക്ടർമാർ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഒക്ടോബർ 16നാണ് യഹ്‍യ സിൻവാർ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂർ മുമ്ബ് വരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നതായി ‘ഇസ്രായേല്‍ ഹായോം’ റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎ സാമ്ബിള്‍ ലഭിക്കാനായി സിൻവാറിന്റെ കൈവിരല്‍ മുറിച്ചതായും ഇസ്രായേലി നാഷനല്‍ ഫോറൻസിക് ഇൻസിറ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കൂഗെല്‍ പറഞ്ഞു. മുമ്ബ് ജയിലില്‍ കഴിഞ്ഞതിനാലും മെഡിക്കല്‍ റെക്കോർഡ് ഉള്ളതിനാലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. തലയ്ക്ക് വെടിയേറ്റെങ്കിലും ഏറെനേരം അതിജീവിച്ച സിൻവാർ മസ്തിഷ്ക ക്ഷതം കാരണം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടത്തിനുശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.

റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. ഇസ്രായേലിന്റെ പട്ടിണി യുദ്ധത്തിന്റെ തെളിവാണ് ഇതെന്ന് പലരും ചൂണ്ടിക്കാണിച്ചു. ഗസ്സയില്‍ എത്തുന്ന മാനുഷിക സഹായങ്ങളും ഭക്ഷണവുമെല്ലാം ഹമാസ് അംഗങ്ങള്‍ കൈക്കലാക്കുകയാണെന്ന ഇസ്രായേലി വാദവും പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊളിക്കുന്നുണ്ട്. ഇത് കൂടാതെ ഗസ്സയിലെ ജനം ദുരിതത്തില്‍ കഴിയുമ്ബോഴും സിൻവാർ തുരങ്കത്തില്‍ സുഖകരമായ ജീവിതം നയിക്കുകയാണെന്ന ആരോപണവും ഇസ്രായേല്‍ ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം പൊളിക്കുന്നതാണ് പുതിയ റിപ്പോർട്ട്.

വിട്ടുവീഴ്ചയില്ലാതെ ഹമാസ്

സിൻവാറിന്റെ മരണശേഷം പുതിയ നേതാവിനെ ഹമാസ് ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. സിൻവാറിന്റെ മരണത്തോടെ ഹമാസ് നിലപാടുകളില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഹമാസ് തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി പുതിയ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നാല് തടവുകാരെ കൈമാറുന്നതിന് പകരം താല്‍ക്കാലിക വെടിനിർത്തല്‍ നടപ്പാക്കാമെന്ന നിർദേശം ഹമാസ് നിരസിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി. സിൻവാറിന്റെ മരണശേഷവും സമ്ബൂർണ വെടിനിർത്തല്‍ ആവശ്യത്തില്‍നിന്ന് ഹമാസ് പിൻമാറിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്യുന്നു.

ഈജിപ്താണ് താല്‍ക്കാലിക വെടിനിർത്തല്‍ നിർദേശം മുന്നോട്ടുവെച്ചത്. നാല് തടവുകാരെ കൈമാറുന്നതിന് പകരം 48 മണിക്കൂർ വെടിനിർത്തലായിരുന്നു നിർദേശത്തിലുള്ളത്. സ്ത്രീകള്‍, പ്രായമായവർ, രോഗബാധിതർ എന്നിവരെ ആദ്യം മോചിപ്പിക്കണമെന്നാണ് നിർദേശം. ഇതിന് പകരമായി 100 ഫലസ്തീൻ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുകയും വേണം. തുടർന്ന് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന വെടിനിർത്തലിനായി ഇസ്രായേലും ഹമാസും ചർച്ച തുടരണമെന്നുമായിരുന്നു നിർദേശം.

ദീർഘകാല വെടിനിർത്തല്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ താല്‍ക്കാലിക വെടിനിർത്തലിന് അംഗീകാരം നല്‍കൂവെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേല്‍ ഇത് വിസമ്മതിച്ചതോടെ ഈജിപ്തിന്റെ നിർദേശം വെറുതെയായി.

ഗസ്സയിലുള്ള 101 ബന്ദികളെ മോചിപ്പിച്ചാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച്‌ പറയുന്നുണ്ട്. അതേസമയം, ഈജിപ്തിന്റെ നിർദേശം തള്ളിയെങ്കിലും മധ്യസ്ഥർ തമ്മിലുള്ള ചർച്ചകള്‍ തുടരുകയാണെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ചർച്ചയെ സ്വാധീനിക്കുന്നുണ്ട്. ചർച്ചയില്‍ പ്രതികരിക്കാനായി തെരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുകയാണ് ഇരുകൂട്ടരും.

താല്‍ക്കാലിക വെടിനിർത്തലിനായി ഖത്തറും നിർദേശം സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 11 മുതല്‍ 14 വരെ ബന്ദികളെ വിട്ടുകൊടുക്കുന്നതിന് പകരം നിരവധി ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒരു മാസത്തെ വെടിനിർത്തലുമാണ് നിർദേശത്തിലുള്ളത്. എന്നാല്‍, ഈ നിർദേശവും ഹമാസ് അംഗീകരിക്കില്ലെന്നാണ് ഇസ്രായേലിലെ ചാനല്‍ 12 തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.

സിൻവാറിന്റെ മരണശേഷവും ഹമാസ് നിലപാടുകളില്‍നിന്ന് പിന്നോട്ടില്ലെന്ന വിവരം മധ്യസ്ഥർ നെതന്യാഹുവിനെയും മന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വരാത്തതിന് ഹമാസിനെയാണ് ഇസ്രായേലും അമേരിക്കയും കുറ്റപ്പെടുത്തുന്നത്. എന്നാല്‍, ഈ വാദം മധ്യസ്ഥരായ ഈജിപ്തും ഖത്തറും പൂർണമായും അംഗീകരിച്ചിട്ടില്ല. നെതന്യാഹുവിന്റെ നിലപാടാണ് പ്രശ്നമെന്നും ഇതിനെ അമേരിക്ക എതിർക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *