കഷ്ടകാലം കൂടെതന്നെയുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റിയെ ഒരിക്കല്‍ കൂടി ഓർമപ്പെടുത്തുന്ന മത്സരമാണ് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നത്.
തുടർച്ചയായി അഞ്ചു തോല്‍വിക്ക് ശേഷം അനിവാര്യ ജയം തേടിയിറങ്ങിയ സിറ്റി 75 മിനിറ്റ് വരെ മൂന്ന് ഗോളിന്റെ ലീഡില്‍ നിന്ന ശേഷം സമനിലയുടെ പടുകുഴിയിലേക്ക് നിലംപതിക്കുന്ന കാഴ്ചയാണ് ചാമ്ബ്യൻസ് ലീഗില്‍ കണ്ടത്.
ഡച്ച് ക്ലബായ ഫെയനോർഡ് റോട്ടർഡാമിനോടാണ് 3-3 ന്റെ ദയനീയ സമനില വഴങ്ങിയത്. മത്സരത്തിന്റെ 44ാം മിനിറ്റില്‍ എർലിങ് ഹാലൻഡിന്റെ പെനാല്‍റ്റിയിലൂടെയാണ് സിറ്റി ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റില്‍ ഇല്‍ക്കെ ഗുണ്ടോഗന്റെ ഗോളിലൂടെ ലീഡ് സിറ്റി ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിനകം ലീഡ് മൂന്നാക്കി ഉയർത്തി സിറ്റി.
മാത്യൂസ് നൂനസ് കൗണ്ടർ അറ്റാക്കിനൊടുവില്‍ ബോക്സിലേക്ക് നീട്ടിനല്‍കിയ ക്രോസില്‍ ഹാലൻഡ് ഫ്ലൈയിങ് ഫിനിഷ് നടത്തിയതോടെ വ്യക്തമായ മേധാവിത്തമായി സിറ്റിക്ക്(3-0). ഇതോടെ ചാമ്ബ്യൻസ് ലീഗില്‍ ഏറ്റവും വേഗത്തില്‍ 50 ഗോള്‍ നേട്ടത്തിലെത്തുന്ന താരമായി ഹാലൻഡ് മാറി.
എന്നാല്‍, 75ാം മിനിറ്റില്‍ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് ഫെയനോർഡ് ആദ്യ ഗോള്‍ മടക്കുകയായിരുന്നു. സ്ട്രൈക്കർ ഹഡ്ജ മോസായണ് ഗോള്‍ നേടിയത്. 82ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും മടക്കി ഫെയ്നോർഡ് സിറ്റിയെ ഞെട്ടിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഫെയ്നോർഡ് മുന്നേറ്റതാരം സാന്റിയാഗോ ജിമിനസാണ് ഗോള്‍ നേടിയത്.
89ാം മിനിറ്റില്‍ ഡേവിഡ് ഹാൻകോയിലൂടെ ഫെയനോർഡ് സമനിലഗോളും നേടിയതോടെ സിറ്റിയുടെ വിജയപ്രതീക്ഷകള്‍ കാറ്റില്‍പറന്നു. ഇതോടെ ചാമ്ബ്യൻസ് ലീഗില്‍ അഞ്ച് കളികളില്‍ നിന്ന് എട്ടു പോയിന്റുമായി 15 ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.