സിറിയയുടെ സുരക്ഷയും സ്ഥിരതയും ഐക്യവും വീണ്ടെടുക്കാനുള്ള സാധ്യതകളെ ഇസ്രായേല്‍ അട്ടിമറിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഗോലാൻ കുന്നുകളിലെ കരുതല്‍ മേഖല പിടിച്ചെടുത്തും മറ്റ് സിറിയൻ ദേശങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.
സിറിയയുടെ സുരക്ഷ, സ്ഥിരത, പ്രദേശിക അഖണ്ഡത എന്നിവ വീണ്ടെടുക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഈ ഗുരുതര നിയമ ലംഘനങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും സിറിയയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. ഗോലാൻ കുന്നുകള്‍ സിറിയൻ, അറബ് അധീനതയിലുള്ള പ്രദേശമാണെന്നും വിദേശകാര്യ മന്ത്രാലയം ഉൗന്നിപ്പറഞ്ഞു.