സിറിയയില്‍ 480 തവണ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി

 സിറിയയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം തുടരുന്നു. വിമതര്‍ അധികാരം പിടിക്കുകയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയില്‍ അഭയം പ്രാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. തന്ത്രപ്രധാനമായ ഗോലാന്‍ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം. ഇസ്രയേല്‍ സേന ഡമാസ്‌കസിനു സമീപം എത്തിയെന്നാണ് സൂചന. ബാഷര്‍ അല്‍ അസദിന്റെ പാത പിന്‍തുടര്‍ന്നാല്‍ അതേഗതി തന്നെയായിരിക്കും വിമതര്‍ക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി.

സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. നിരവധി യുദ്ധകപ്പലുകളും ഇസ്രയേല്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

അതിനിടെ പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ തകര്‍ച്ചയെ പുതിയതും നാടകീയവുമായ ഒരു അധ്യായം എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ഹമാസിനും ഹിസ്ബുള്ളയ്‌ക്കും ഇറാനും നല്കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്, നെതന്യാഹു പറഞ്ഞു. അതിനിടെ ആത്മരക്ഷയ്‌ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *