സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും.

ടീകോം കമ്ബനിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും. പാര്‍ട്ടി സമ്മേളനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.

സ്മാര്‍ട്ട് സിറ്റി വിഷയമടക്കം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു. പദ്ധതിയില്‍ വീഴ്ച വരുത്തിയാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില്‍ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി.

2007ല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.കരാറിലെ 7,2,2 വ്യവസ്ഥ പ്രകാരം ഉടമ്ബടി പ്രകാരമുളള കെട്ടിട നിര്‍മ്മാണത്തിലും തൊഴിലവസര സൃഷ്ടിയിലും വീഴ്ച വരുത്തിയാല്‍ നഷ്ട പരിഹാരം ഈടാക്കാമെന്ന് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *