സിപിഐഎം നേതാവ് പി കെ ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിൻ്റെ ലൈംഗിക പീഡനാരോപണത്തിൽ അന്വേഷണം നടത്തി പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ‘തീവ്രത’ എന്ന വാക്ക് ഇല്ലെന്ന് പി കെ ശ്രീമതി.
തീവ്രതയുമായി ബന്ധപ്പെട്ട് ആരോടും താൻ പ്രതികരിച്ചിട്ടില്ലെന്നും കണ്ടാലും കേട്ടാലും അറപ്പുളവാക്കുള്ള ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവർക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കിൽ ആയിക്കോളൂ എന്നും ഈ വൃത്തികേടുകൾ എഴുതിവിടുന്നവരുടെ പ്രായത്തിലുളള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കാൻ കുറച്ച് വിഷമിക്കേണ്ടിവരും എന്നേയുള്ളു എന്നും പി കെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.
‘മനസാ വാച അറിയാത്ത കാര്യങ്ങളിൽ പോലും എനിക്കെതിരെ കുപ്രചാരണം നടത്തിയത് കേട്ട് തഴമ്ബിച്ച ചെവികളാണ് എന്റേത്. പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്‌തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപി ഐഎം എന്ന് എല്ലാവർക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അന്ന് ആരോപണവിധേയനായ വ്യക്തിക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷ കിട്ടിയതാണ് എന്നുളള കാര്യം പോലും പലരും മറന്നുപോയി’: പി കെ ശ്രീമതി കൂട്ടിച്ചേർത്തു.


