ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ വിലയിരുത്തലിനെത്തുടർന്ന് കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖയില്‍ സംസ്ഥാന സർക്കാരിനും പാർട്ടി കേരള ഘടകത്തിനും എതിരേ രൂക്ഷ വിമർശനം.
പരാജയ കാരണം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് സമർപ്പിച്ച വിശദീകരണമുള്‍പ്പെടെയുള്ളവ പൂർണമായും തള്ളിയുള്ളതാണു പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെറ്റുതിരുത്തല്‍ മാർഗനിർദേശ രേഖ. മേഖലാ യോഗങ്ങള്‍ക്ക് തുടക്കം കുറിച്ച് കണ്ണൂർ ബർണശേരി നായനാർ അക്കാദമിയില്‍ നടന്ന വടക്കൻ മേഖലാ യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് തെറ്റുതിരുത്തല്‍ മാർഗരേഖ അവതരിപ്പിച്ചത്.
തുടർഭരണത്തിന്‍റെ ആവേശത്തില്‍ നേതാക്കളില്‍ പലരുടെയും പെരുമാറ്റ രീതിയില്‍ മാറ്റം വന്നതായാണു കുറ്റപ്പെടുത്തല്‍. ക്ഷേമപെൻഷൻ അടക്കമുള്ള പദ്ധതികളിലെ സർക്കാരിന്‍റെ വീഴ്ച തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി കുറ്റപ്പെടുത്തുന്നു. പാർട്ടിനേതാക്കളുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചയും ജാഗ്രതക്കുറവും പാർട്ടിവോട്ടുകള്‍ പോലും ചോരാനിടയാക്കിയെന്നും വിമർശനമുണ്ട്.