കൊച്ചി:
ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്
സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.
കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. വ്യാജമെയിലുകൾ കാണിച്ച് വൻകിട ബിസിനസ്സുകാരുമായി ബന്ധമുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ജോബി ജോർജ് പരാതിക്കാരൻ്റെ വിശ്വാസം നേടിയെടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുമരകത്തുള്ള ഹോട്ടൽ വാങ്ങുന്നതിന് അഡ്വാൻസ് എന്ന നിലയിലും മറ്റ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തും പരാതിക്കാരനിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈപറ്റിയെന്നാണ് എഫ്ഐആർ പറയുന്നത്.
പരാതിക്കാരൻ അമേരിക്കയിൽ ആയിരുന്നപ്പോൾ അമേരിക്കയിലെ അദ്ദേഹത്തിൻ്റെ അക്കൗണ്ട് വഴി ജോബി ജോർജ് പലതവണകളായി നാലു കോടി നാൽപ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടുകൾ നടക്കാതെ വന്നതോടെ ജോബി ജോർജ് മൂന്ന് കോടി രൂപ മടക്കി നൽകുകയായിരുന്നു. ബാക്കി നൽകേണ്ടിയിരുന്ന ഒരു കോടി നാൽപ്പത് ലക്ഷം രൂപ കൊടുക്കാതെയും വാഗ്ദാനം ചെയ്തിരുന്ന പ്രൊജക്ടിൽ പങ്കാളിയാക്കാതെയും ജോബി ജോർജ് വിശ്വാസ വഞ്ചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.