ബലാത്സംഗക്കേസില്‍ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, നടന്‍ സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്.
സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അഭിഭാഷകന്‍ അറിയിച്ചു. തിരുവനന്തപുരം എസ്.ഐ.ടിക്ക് മുന്നിലാകും ഹാജരാവുക.
ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. അതിനകം സിദ്ദിഖിനെ ചോദ്യംചെയ്തു റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് മുന്‍കൂകൂര്‍ ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. പോലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പ് ആവശ്യമാണെന്നും പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വാദിക്കും.
സാധാരണ നോട്ടീസ് നല്‍കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. സമാന കേസുകളില്‍ പ്രതികളായ മറ്റ് നടന്മാര്‍ക്ക് ജാമ്യം ലഭിച്ചു, സിദ്ദീഖിന് ലഭിച്ചില്ലെന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗിയുടെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിദ്ദിഖ് സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.