ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയില്‍ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ഇന്നലെ പൊലീസ് മേധാവിക്ക് ഇ-മെയിലായാണ് യുവനടി പരാതി നല്‍കിയത്.
സിദ്ദിഖ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടി വെളിപ്പെടുത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും നടി പറഞ്ഞിരുന്നു. 2016ല്‍ ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത് -നടി നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലൈംഗികാരോപണത്തിന് പിന്നാലെ സിദ്ദിഖിന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു.
ഇതിന് പിന്നാലെ നടിക്കെതിരെ സിദ്ദിഖ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണമാണ് നടി ഉന്നയിക്കുന്നതെന്നുമായിരുന്നു സിദ്ദിഖ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്. നേരത്തെ ഉന്നയിച്ചപ്പോള്‍ ഇല്ലാതിരുന്ന ബലാത്സംഗ ആരോപണമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ നടിയെ കണ്ടിട്ടില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടിരുന്നു.