ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്ബനികള്‍ പത്ത് ലക്ഷം വീതവും കമ്ബനികളുടെ ഡയറക്ടര്‍മാര്‍ ഇരുപത് ലക്ഷം രൂപയും പിഴ തുക അടക്കണമെന്നാണ് ഉത്തരവിലുള്ളത്.
സഹാറ ഗ്രൂപ്പിന്റെ ജയ്പൂരിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ പണം നല്‍കി ഫ്ളാറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നല്‍കിയവര്‍ക്ക് ഏറ്റവും വേഗത്തില്‍ ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ശേഷം ആറു തവണ അവസരം നല്‍കിയിട്ടും കമ്ബനി ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ.