സഹകരണ ബാങ്കില്‍ നിയമനത്തിന് ഐസി ബാലകൃഷ്ണന്റെ പിഎ 15 ലക്ഷം രൂപ വാങ്ങി;

പരാതി
ഭാര്യയുടെ നിയമനത്തിനായാണ് പണം നല്‍കിയതെന്ന് അനീഷ് പറയുന്നു

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പി എ ആയിരുന്ന ബെന്നിക്ക് പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. 2013 ലാണ് സംഭവം. ബത്തേരി വടക്കനാട് സ്വദേശി അനീഷ് ജോസഫ് ആണ് പണം നല്‍കിയത്. ഭാര്യയുടെ നിയമനത്തിനായാണ് പണം നല്‍കിയതെന്ന് അനീഷ് പറയുന്നു.

എന്‍എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ പ്രതിസ്ഥാനത്ത് നില്‍ക്കെയാണ് അദ്ദേഹത്തിന്റെ പിഎക്കെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എയുടെ അറിവോടെയാണ് പണം വാങ്ങിയതെന്നും അനീഷ് പറയുന്നു. പണം കൊടുത്തതിന്റെ രേഖകള്‍ സഹിതം അനീഷ് ഡിവൈഎസ്പിക്ക് പരാതി നല്‍കി.

രണ്ടരലക്ഷം രൂപ തിരിച്ചുകിട്ടി. ലോണ്‍ എടുത്താണ് പണം നല്‍കിയത്. ലോണ്‍ തിരിച്ചടക്കാന്‍ സ്ഥലം വില്‍ക്കേണ്ടി വന്നുവെന്നും അനീഷ് പറയുന്നു. എംഎല്‍എയുടെ അറിവോടെയാവാം പണം വാങ്ങിയത്. പി എ വിചാരിച്ചാല്‍ ജോലി ലഭിക്കില്ലല്ലോയെന്നും അനീഷ് ചോദിക്കുന്നു.

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പൊലീസ് ചുമത്തിയിരുന്നു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *