ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്‌ആപ്പ് നമ്ബറിലേക്ക് സന്ദേശമെത്തിയത്.
സല്‍മാന് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയ സന്ദേശം പറയുന്നത് ഇങ്ങനെയാണ്- ‘ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാന്‍ സല്‍മാന്‍ ഖാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം. അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണം. അയാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്.’ തിങ്കളാഴ്ച രാത്രിയാണ് സന്ദേശം എത്തിയത് .
വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയടുത്ത ദിവസങ്ങളില്‍ സല്‍മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.