ഓർഡിനറി ബസുകള്‍ക്കുള്ളില്‍ വീഡിയോ സ്ക്രീനുകളില്‍ ബസുകളുടെ സമയക്രമങ്ങള്‍ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തില്‍ കെ.എസ്.ആർ.ടി.സി.
ഓർഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്ന പ്രദേശങ്ങളിലെ സമീപ ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളുടെ ഷെഡ്യൂളുകളായിരിക്കും പ്രദര്‍ശിപ്പിക്കുക.
യാത്രക്കാർക്ക് ഡിപ്പോകളിലെ കൗണ്ടറുകളില്‍ ബസുകളുടെ സമയം അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ 400 ഓർഡിനറി ബസുകളും 100 സൂപ്പർഫാസ്റ്റ് ബസുകളും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സ്വകാര്യ കമ്ബനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കരാറിലേർപ്പെടുന്ന കമ്ബനിയാണ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. ബസുകളുടെ സമയക്രമം സംബന്ധിച്ച അറിയിപ്പുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ അനുവദിക്കും.
വരുമാനം കുറവുള്ള റൂട്ടുകളിലെ ട്രിപ്പുകള്‍ കുറയ്ക്കാനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. കിലോമീറ്ററിന് 35 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിർത്തലാക്കുക. സാമൂഹിക ബാധ്യതകള്‍ കാരണം ഒഴിവാക്കാനാവാത്ത റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ റീജിയണല്‍ ഓഫീസർമാർ ചീഫ് ഓഫീസില്‍ റിപ്പോർട്ട് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.