സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാല്‍ പൊലീസില്‍ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങള്‍ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സേനയിലേക്ക് പുതുതായി എത്തിയവർക്ക് ആധുനിക കാലത്തെ എല്ലാ പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്നും കേരള പൊലീസ് എല്ലാ മേഖലയിലും മികച്ച വൈദഗ്ധ്യം പുലർത്തുന്ന കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഉയർന്നിട്ടുണ്ട്. ജനകീയ പൊലീസിൻ്റെ ഉത്തമ മാതൃകയായി പുതിയ സേനാംഗങ്ങള്‍ മാറണമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഒരുപാട് പേർ അടുത്തകാലത്തായി പൊലീസ് സേനയുടെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസണോടനുബന്ധിച്ചും കേരള പൊലീസിൻ്റെ പ്രവർത്തനം മികച്ചതാണെന്നും ചില അവശിഷ്ടങ്ങളെ ഒഴിച്ചാല്‍ ജനകീയ പൊലീസിങിലേക്ക് സേന എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.