സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം

കേരളത്തില്‍ എത്തുന്നത് ഇതാദ്യം

കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.

അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല വിദ്യാര്‍ത്ഥികളെയും ടെക് പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറയുന്നു. താഴെ നിന്ന് മുകളിലേക്ക് തുറക്കുന്ന ഗൾ- വിങ് ഡോറുകളും ഓട്ടോപൈലറ്റ് സവിശേഷതകളും എക്സ് മോഡലിൻ്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ വേഗത, സുസ്ഥിരത, ടെസ് ലയുടെ ദീര്‍ഘവീക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ആളുകള്‍ക്ക് അറിയാനും മനസിലാക്കാനും അവസരം ഒരുക്കുകയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് ഡോ. ടോം ജോസഫ് വ്യക്തമാക്കി.

ഒറ്റചാര്‍ജില്‍ 358 മൈല്‍ (576 കിലോമീറ്റര്‍) സഞ്ചരിക്കും ഈ ക്രോസ് ഓവര്‍ എസ്‌യുവി. 60 മൈല്‍ (96 കിലോമീറ്റര്‍) വേഗത്തിലെത്താന്‍ 3.8 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗം 155 മൈല്‍ (250 കിലോമീറ്റര്‍). ട്രൈ മോട്ടര്‍ പവര്‍ട്രെയിനാണ് മോഡല്‍ എക്‌സിന്. മുന്‍ മോട്ടറിന് 252 കിലോവാട്ട് കരുത്തുണ്ട്. പിന്നില്‍ 252 കിലോവാട്ട് കരുത്ത് വീതുമുള്ള രണ്ട് മോട്ടറുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് മോട്ടറുകളും കൂടി ചേര്‍ന്ന് എക്‌സിന് 670 എച്ച്പി പരമാവധി കരുത്ത് നല്‍കും. ആറു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഈ എസ്‌യുവിയുടെ ഭാരം 2462 കിലോഗ്രാമാണ്.

Leave a Reply

Your email address will not be published. Required fields are marked *