സ്വപ്നലോകത്താണ് ഞാൻ…താനിപ്പോള്‍ സ്വപ്നലോകത്ത് ജീവിക്കുകയാണെന്ന് ഡി. ഗുകേഷ്. കഴിഞ്ഞ 10 വർഷമായി ഈ നിമിഷം സ്വപ്നംകണ്ട് കാത്തിരിക്കുകയായിരുന്നെന്നും അതു സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്നും മത്സരശേഷം താരം പറഞ്ഞു.
”പ്രതീക്ഷിക്കാത്ത ജയമായതിനാല്‍ ഞാനല്‍പം വികാരാധീനനാവുകയാണ്. ആറോ ഏഴോ വയസ്സ് മുതല്‍ സ്വപ്നംകാണാൻ തുടങ്ങിയതാണ്. ഏതൊരു ചെസ് താരത്തിന്റെയും ആഗ്രഹമാണിത്. കാൻഡിഡേറ്റ്സും ചാമ്ബ്യൻഷിപ്പും ജയിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. ലിറെൻ ക്ഷമിക്കണം. അദ്ദേഹമാണ് യഥാർഥ ചാമ്ബ്യൻ. ലിറെനോടും നന്ദി പറയുന്നു. ഞാൻ ലോക ചാമ്ബ്യനാവണമെന്ന് എന്നേക്കാള്‍ ആഗ്രഹിച്ചത് മാതാപിതാക്കളാണ്”-ഗുകേഷ് കൂട്ടിച്ചേർത്തു
ററ്റി പ്രാരംഭമുറയില്‍ ആണ് ലോകചാമ്ബ്യൻ തുടങ്ങിയത്. ആദ്യത്തെ 10 നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ കളിയില്‍ ആർക്കുംതന്നെ മുൻതൂക്കം ഇല്ലാത്ത അവസ്ഥ. കളി പുരോഗമിക്കവേ ചിലയിടങ്ങളില്‍ ഡിങ് ലിറെന് നേരിയ മുൻതൂക്കം ലഭിച്ചെങ്കിലും അതൊന്നും വിജയത്തിലേക്കു മാറ്റാൻ സാധിക്കുമായിരുന്നില്ല.
32 നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ ബോർഡില്‍ അവശേഷിച്ചത് ഓരോ റൂക്കും, വെള്ള കളങ്ങളില്‍ ഉള്ള ബിഷപ്പുകളും, ലിറെന് രണ്ടു കാലാളുകളും, ഗുകേഷിന് മൂന്ന് കാലാളുകളും. ഏകദേശം നൂറു ശതമാനം സമനില ഉറപ്പായ കരുനില. കാരണം, ഈ കാലാളുകള്‍ മുഖത്തോടു മുഖം നില്‍ക്കുന്നതിനാല്‍ മുൻതൂക്കം നേടുക അസാദ്യം. എന്നാല്‍, ഗുകേഷ് സാധാരണ ചെയ്യുന്നപോലെ സമനിലക്ക് നില്‍ക്കാതെ തന്റെ കരുക്കളെ മുന്നോട്ട് വെച്ചുകൊണ്ടിരുന്നു.
ഗുകേഷ് മാതാപിതാക്കള്‍ക്കൊപ്പം
അതിന്റെ ഫലമെന്നോണം 55ാം നീക്കത്തില്‍ ഡിങ്ങിന്റെ കൈയില്‍നിന്ന് അബദ്ധം പിണഞ്ഞു. ലോകചാമ്ബ്യൻഷിപ്പിന്റെ സമ്മർദം എത്രയാണെന്ന് വിളിച്ചുപറയുന്ന നീക്കം. തന്റെ റൂക്കിനെ എഫ്2 എന്ന കളത്തില്‍ വെട്ടിമാറ്റാൻ വെക്കുമ്ബോള്‍ തന്റെ റൂക്കിനൊപ്പം ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്ബ്യൻ പട്ടംകൂടിയാണ് ലിറെൻ ഗുകേഷിന് വെച്ചുനീട്ടിയത്.
അടുത്ത നീക്കത്തില്‍തന്നെ റൂക്കിനെ വെട്ടിമാറ്റിയ ഗുകേഷ്, ലിറന്റെ എ8 കളത്തില്‍ കുടുങ്ങിപ്പോയ ബിഷപ്പിനെയും ഡി5 കളത്തില്‍ വെച്ച് വെട്ടിമാറ്റാൻ നിർബന്ധിതനാക്കി. 58ാം നീക്കത്തില്‍ രാജാവിനെ ഇ3 കളത്തില്‍ വെച്ചെങ്കിലും ഗുകേഷ് തന്റെ രാജാവിനെ ഇ5 കളത്തില്‍ വെച്ചുകൊണ്ട് വിജയം ഉറപ്പിച്ചു.
അവസാന റൗണ്ട് മത്സരത്തിനിടെ ഗുകേഷിന്റെ ഭാവങ്ങള്‍
ലിറെന് വേണമെങ്കില്‍ കുറച്ചു നീക്കങ്ങള്‍കൂടി നടത്താൻ സാധിക്കുമായിരുന്നു. എന്നാല്‍, ചെസ് സിദ്ധാന്തങ്ങള്‍ പരാജയം എന്ന് എഴുതിവെച്ചിരിക്കുന്ന കരുക്കളുടെ നില വന്നതിനാല്‍ ചൈനീസ് താരം തന്റെ പരാജയം സമ്മതിച്ചു.
സമനില ഉറപ്പായ ഒരു കളിയില്‍ ആണ് ലോകചാമ്ബ്യൻ പദവിയിലുള്ള ലിറൻ ഇത്രയും വലിയ ഒരു മണ്ടത്തം കളിക്കുന്നത്. എന്നാല്‍, ചെസിനെ ഗൗരവമായി കണ്ട് കളിച്ചുവരുന്നവർ ശ്രദ്ധിക്കേണ്ട കാര്യം സമനില ഉറപ്പായ കളിയിലും 25ഓളം നീക്കങ്ങള്‍ അധികം നടത്താൻ ഗുകേഷ് കാണിച്ച പോരാട്ടവീര്യവും, നിരന്തരം സമ്മർദം ചെലുത്തിയാല്‍ ഏതു ലോക ചാമ്ബ്യനും അടി തെറ്റുമെന്നുള്ളതും ആണ്. ഈ വർഷം രണ്ട് ഏഷ്യക്കാർ തമ്മിലുള്ള മത്സരം ആണ് കണ്ടതെങ്കില്‍ അടുത്ത വർഷം രണ്ട് ഇന്ത്യക്കാർ തമ്മിലുള്ള മത്സരം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജീവിതരേഖ
മുഴുവൻ പേര്:
ദൊമ്മരാജു ഗുകേഷ്
ജനനം: 2006 മേയ് 29
സ്വദേശം: ചെന്നൈ, തമിഴ്നാട്
ടൈറ്റില്‍: ഗ്രാൻഡ് മാസ്റ്റർ (2019)
ഫിഡേ റേറ്റിങ്: 2783
ഉയർന്ന റേറ്റിങ്: 2794
റാങ്കിങ്: 5
ഉയർന്ന റാങ്കിങ്: 5
നേട്ടങ്ങള്‍
2022 ഹാങ്ചോ ഏഷ്യൻ ഗെയിംസ്
പുരുഷ ടീം വെള്ളി
2024 കാൻഡിഡേറ്റ്സ്
ടൂർണമെന്റ് ചാമ്ബ്യൻ
2024 ചെസ് ഒളിമ്ബ്യാഡ് സ്വർണം
റെക്കോഡുകള്‍
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ
ഗ്രാൻഡ് മാസ്റ്റർ (12 വയസ്സും
ഏഴ് മാസവും 17 ദിവസവും)
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാൻഡ് മാസ്റ്റർ
ലോക ചാമ്ബ്യൻഷിപ്പില്‍ മത്സരിക്കാൻ യോഗ്യത നേടുന്ന ഏറ്റവും പ്രായം
കുറഞ്ഞ താരം ( 17 വയസ്സും
10 മാസവും 24 ദിവസവും)
ലോക ചാമ്ബ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
പ്രായം കുറഞ്ഞ ലോക ചാമ്ബ്യന്മാർ
ഡി. ഗുകേഷ് (ഇന്ത്യ)
– 18 വർഷം എട്ട് മാസം 14 ദിവസം
ഗാരി കാസ്പറോവ് (റഷ്യ)
– 22 വർഷം ആറ് മാസം 27 ദിവസം
മാഗ്നസ് കാള്‍സണ്‍ (നോർവേ)
– 22 വർഷം 11 മാസം 24 ദിവസം
മിഖായേല്‍ താല്‍ (സോവിയറ്റ് യൂനി.) – 23 വർഷം അഞ്ച് മാസം 28 ദിവസം
അനറ്റോലി കാർപോവ് (സോവിയറ്റ് യൂനി.) – 23 വർഷം 10 മാസം 11 ദിവസം