തൊടുപുഴ:
ജനുവരി 11-ന് രാത്രി പതിനൊന്നോടെയാണ് ഇയാൾ മോഷണം നടത്തിയത്
മൂവേലിൽ ഉമാമഹേശ്വരക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം ചോക്കാട് കാഞ്ഞിരംപാടം കുന്നുമ്മേൽ സുരേഷിനെ(64)യാണ് കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ സപ്താഹം നടക്കുകയായിരുന്ന ജനുവരി 11-ന് രാത്രി പതിനൊന്നോടെയാണ് ഇയാൾ മോഷണം നടത്തിയത്.
സപ്താഹം നടക്കുന്നതിനിടയിൽ ഓഫീസ് മുറിയിൽനിന്നും ഒരു ഭണ്ഡാരത്തിൽനിന്നുമായി 35000 രൂപ കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശേഷം പണവുമായി ഇയാൾ സ്വന്തം നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളിലായി നൽപ്പതിലേറെ മോഷണക്കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ കെ ജെ ജോബി, സദാശിവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്