സന്തോഷ്‌ ട്രോഫി 
നവംബര്‍ 20 മുതല്‍ 24 വരെ ; യോഗ്യതാ റൗണ്ട്‌ കോഴിക്കോട്ട്‌

കൊച്ചി സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാമത്സരങ്ങള്‍ നവംബർ 20 മുതല്‍ 24 വരെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തില്‍.

കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ച്‌ പോരാട്ടങ്ങളാണ് നടക്കുക. റെയില്‍വേസ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവയാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ചാമ്ബ്യൻമാർ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍. കേരളത്തിന്റെ പരിശീലന ക്യാമ്ബിന് നാളെ തുടക്കമാകും. 30 താരങ്ങളാണ് ആദ്യഘട്ടക്യാമ്ബില്‍. കോർപറേഷൻ സ്റ്റേഡിയത്തിലാണ് പരിശീലനം.

2023ലാണ് കോഴിക്കോട്ട് അവസാനമായി സന്തോഷ് ട്രോഫി നടന്നത്. അന്നും യോഗ്യതാറൗണ്ടായിരുന്നു. ഏഴുതവണ ചാമ്ബ്യൻമാരായ കേരളത്തിന് അവസാന രണ്ട് സീസണിലും സെമി കാണാനായിട്ടില്ല. ഇത്തവണ എട്ടാംകിരീടം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പ്. ബിബി തോമസാണ് പരിശീലകൻ. ഹാരി ബെന്നി സഹപരിശീലകനും. എം വി നെല്‍സണ്‍ ഗോള്‍കീപ്പർ കോച്ചുമാണ്. സംസ്ഥാന സീനിയർ ചാമ്ബ്യൻഷിപ്പില്‍നിന്ന് തെരഞ്ഞെടുത്തവരും കേരള പൊലീസില്‍നിന്നുള്ള താരങ്ങളുമാണ് ആദ്യഘട്ട ക്യാമ്ബില്‍. വൈകാതെ ഇത് വിപുലീകരിക്കും.

സൂപ്പർലീഗ് കേരള നവംബർ പത്തിന് കഴിഞ്ഞാലുടൻ ലീഗില്‍നിന്നുള്ള പ്രധാന താരങ്ങളും ചേരും. ഈ ഘട്ടത്തില്‍ ആദ്യസംഘത്തിലുള്ള ചിലരെ ഒഴിവാക്കുകയും ചെയ്യും. സൂപ്പർലീഗില്‍ മിന്നുന്ന പ്രധാന കളിക്കാരെല്ലാം ഇത്തവണ കേരള നിരയിലുണ്ടാകുമെന്നാണ് സൂചന. ഗനി അഹമ്മദ് നിഗം, അബ്ദുള്‍ ഹക്കു, അർജുൻ ജയരാജ് തുടങ്ങി ഐഎസ്‌എല്ലിലും ഐ ലീഗിലും കളിച്ച്‌ പരിചയമുള്ള താരങ്ങള്‍ ഇത്തവണ ലഭ്യമാണ്. അതിനാല്‍ പരിചയസമ്ബന്നരായ കരുത്തുറ്റനിരയെ പ്രതീക്ഷിക്കാം. മുഖ്യപരിശീലകനായ ബിബി തോമസ് കലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്റ് കോച്ചുകൂടിയാണ്. നവംബർ 18നുള്ളില്‍ അന്തിമടീമിനെ പ്രഖ്യാപിക്കും.

പരിശീലന ക്യാമ്ബിലുള്ള 
താരങ്ങള്‍:
ഗോള്‍ കീപ്പർമാർ–-മുഹമ്മദ് അനസ്, അൻഹിനവ്, പി കെ ശുഹൈബ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ആസിഫ്.
പ്രതിരോധം–-വിബുല്‍ വേലായുധൻ, യാഷിൻ മാലിക്, എം സഫ്വാൻ, ബിബിൻ തോമസ്, എസ് ഷിനു, ജിതു കെ റോബി, ടി എൻ അഫ്നാസ്, സച്ചിൻ സുനില്‍, എസ് ജെ ഷെയ്ൻ.
മധ്യനിര–-അസ്ലം അമനുള്ള, ഫർസാദ് അബ്ദു, വി പി വിഷ്ണുപ്രകാശ്, നിതിൻ വില്‍സിൻ, അർജുൻ കലാധരൻ, നെറ്റോ ബെന്നി, എ ദിപിൻ, മുഹമ്മദ് ഷിഹാസ്, യു ജ്യോതിഷ്.
മുന്നേറ്റം–-സി ജേക്കബ്, പി നസീഫ്, എസ് സെബാസ്റ്റ്യൻ, കെ മഹേഷ്, കെ അതുല്‍, ആന്റണി പൗലോസ്, ബേബ്ള്‍.

Leave a Reply

Your email address will not be published. Required fields are marked *