സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ വിജയക്കുതുപ്പ് തുടർന്ന കേരളത്തിന് തമിഴ്നാടിന്റെ സമനിലകുരക്ക്. ക്യാപ്റ്റൻ റൊമേരിയോ ജസുരാജിലൂടെ മുന്നിലെത്തിയ തമിഴ്നാടിനെ കളിയവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ നിജോ ഗില്‍ബർട്ട് നേടിയ ഗോളിലൂടെയാണ് സമനിലയില്‍ തളച്ചത്.
അഞ്ച് കളിയില്‍ നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിന്റ് നേടി അപരാജിതരായാമ് ക്വാർട്ടർ ഫൈനലില്‍ കശ്മീരിനെ നേരിടാൻ കേരളം ഇറങ്ങുന്നത്. മൂന്ന് സമനില മാത്രമുള്ള തമിഴ്‌നാട് ഇതോടെ പുറത്തായി.
ആറ് മാറ്റങ്ങളോടെയാണ് കേരളം കളിക്കാനിറങ്ങിയത്. വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മലിന് പകരം മുഹമ്മദ് അസ്‌ഹർ ഗോള്‍ വല കാക്കാനെത്തി. എം മനോജ്, നസീബ് റഹ്മാൻ, നിജോ ഗില്‍ബർട്ട്, മുഹമ്മദ് റിയാസ്, മുഹമ്മദ് അർഷഫ് എന്നിവർക്ക് പകരം മുഹമ്മദ് അസ്‌ലം, മുഹമ്മദ് റോഷാല്‍, ഇ സജീഷ്, ആദില്‍ അമല്‍, സല്‍മാൻ കള്ളിയത്ത് എന്നിവർ ആദ്യ പതിനൊന്നിലെത്തി. മുന്നേറ്റതാരം മുഹമ്മദ് അജ്‌സലിന് തുടർച്ചയായ രണ്ടാംമത്സരത്തിലും വിശ്രമം നല്‍കി.
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മൂന്ന് കളിയും സമനിലയായി. മേഘാലയ–ഒഡിഷ, ഗോവ–ഡല്‍ഹി ഗോള്‍രഹിതമായിരുന്നു. അഞ്ച് കളിയില്‍ 13 പോയിന്റുമായി കേരളമാണ് ഒന്നാമത്. മേഘാലയ (8), ഡല്‍ഹി (7), ഒഡിഷ (5) എന്നിവരും ക്വാർട്ടറിലെത്തി. തമിഴ്‌നാടും ഗോവയും പുറത്തായി.