സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.
താന്‍ കലൈഞ്ജറുടെ കൊച്ചുമകനാണെന്നും മാപ്പ് പറയില്ലെന്നും ഉദയനിധി പറഞ്ഞു. തന്റെ വാക്കുകളെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ദ്രാവിഡ നേതാക്കളായ പെരിയാറിന്റെയും അണ്ണാദുരയുടെയും കരുണാനിധിയുടെയും ആശയങ്ങളാണ് താന്‍ പങ്കുവെച്ചതെന്നും ഉദയനിധി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്‍ നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് ഉദയനിധി പറഞ്ഞു. സ്ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ അവരും മരിക്കേണ്ടിവന്നു. ഇതിനെതിരെയാണ് പെരിയാര്‍ സംസാരിച്ചത്. പെരിയാറിന്റെയും അണ്ണാദുരയുടെയും കരുണാനിധിയുടെയും ആശയങ്ങള്‍ താന്‍ പങ്കുവെയ്ക്കുകയായിരുന്നുവെന്നും ഉദയനിധി വ്യക്തമാക്കി.
തന്റെ വാക്കുകള്‍ അവര്‍ വളച്ചൊടിച്ചു. തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തു. അവര്‍ തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. താന്‍ കലൈഞ്ജറുടെ കൊച്ചുമകനാണ്. മാപ്പ് പറയില്ല. എല്ലാ കേസുകളും കോടതിയില്‍ നേരിടുമെന്നും ഉദയനിധി പറഞ്ഞു