സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തല്‍ക്കുളത്തില്‍ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങള്‍ നീന്തിയെത്തിയത് ഒന്നാം സ്ഥാനത്ത്.
74 സ്വർണം , 56 വെള്ളി , 60 വെങ്കലം എന്നിവ നീന്തിയെടുത്ത് 654 പോയിന്റോടടെയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. 162 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്തെത്തിയത്.
തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെയും പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസിലെയും മിടുക്കരുടെ മികവിലാണ് അക്വാട്ടിക്സില്‍ തിരുവനന്തപുരം ചാമ്ബ്യന്മാരായത്. സ്കൂള്വിഭാഗത്തിലും തലസ്ഥാന ജില്ലയില്‍നിന്നുള്ള വിദ്യാലയങ്ങളാണ് ആദ്യ രണ്ടുസ്ഥാനങ്ങളും നേടിയത്.
146 പോയിന്റുമായി തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് ജേതാക്കളായി. 27 സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും തുണ്ടത്തില്‍ സ്വന്തമാക്കി. 63 പോയിന്റോടെ പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് രണ്ടാമതായി. 11 സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 61 പോയിന്റുള്ള കളമശേരി എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസാണ് മൂന്നാമത്. ഏഴുവീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമാണ് കളമശേരിക്കുള്ളത്.
റെക്കോഡുകളുടെ ചാകരയായിരുന്നു നീന്തല്‍കുളത്തില്‍ നിന്ന് താരങ്ങള്‍ വാരിയത്. വാട്ടർപോളോയിലും തിരുവനന്തപുരം തന്നെയാണ് ജേതാക്കളായത്. പാലക്കാടിനെ തകർത്താണ് എൻ എസ് അമ്ബാടിയുടെ നേതൃത്വത്തിലുള്ള ടീം 14–9ന് ജയിച്ചത്.