സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരിതെളിയും

 അനന്തപുരി വാദ്യ-താള-ലയങ്ങളുടെ സംഗമഭൂമിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഇരുട്ടി വെളുക്കുമ്ബോള്‍ 63 ാമത് സംസ്ഥാന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരിതെളിയും.

നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാപ്രതിഭകളെയും കലാതിലകങ്ങളെയും വരവേല്‍ക്കാന്‍ തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. നഗരത്തില്‍ ഇവിടെ തിരിഞ്ഞാലും കൊച്ചു കലാകാരന്മാര്‍ക്ക് സ്വാഗതം ഓതികൊണ്ടുള്ള കൊടി തോരണങ്ങളും വിളംബര ബോര്‍ഡുകളുമാണ്.

രാവിലെ ഒന്‍പതിനു പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം.ടി. നിളയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച്‌ കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും.

വയനാട് വെള്ളാര്‍മല ജി.എച്ച്‌.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. 25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

*സ്വര്‍ണകപ്പ് ഘോഷയാത്ര ഇന്ന് എത്തും

കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച സ്വര്‍ണകപ്പ് ഘോഷയാത്ര ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ എത്തിച്ചേരും. വിവിധ സ്‌കൂളുകളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചു മണിയോടെ പി.എം.ജി. യില്‍ എത്തിച്ചേരുന്ന ഘോഷയാത്രയില്‍ മന്ത്രി വി. ശിവന്‍ കുട്ടി സ്വര്‍ണകപ്പ് ഏറ്റുവാങ്ങും.

*രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ഏഴു കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിേ്രസ്ടഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്.

*ഭക്ഷണ പന്തല്‍ പുത്തരിക്കണ്ടത്ത്

പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തല്‍ തയ്യാറാകുന്നത്. പഴയിടം മോഹനന്‍ നമ്ബൂതിരിക്കാണ് ഉൗട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍. ഇന്ന് രാത്രി ഭക്ഷണത്തോടെയാണ് ഉൗട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്‍പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്. എട്ടിനു വൈകിട്ട് അഞ്ചന് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *