സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുള്ളപ്പോള്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിനല്‍കിയത് ഭൂമിയിടപാടിലുള്ള പരാതി മുഖ്യമന്ത്രിക്ക് മുന്നില്‍ നിലനില്‍ക്കെ.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഷെയ്ഖ് ദർവേശ് സാഹിബ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് ആരോപിക്കുന്നു. ഈ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ച്‌ രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

വഴുതക്കാട് സ്വദേശിയായ ഉമർ ഷെരീഫ് ജൂണ്‍ 24-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി പരാതി നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള 10.8 സെന്റ് ഭൂമിയിന്മേലുള്ള 26 ലക്ഷം രൂപയുടെ ലോണ്‍ വിവരം മറച്ചുവെച്ച്‌ വില്‍പ്പനക്കരാർ ഉണ്ടാക്കി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം.

പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ പരാതി ലഭിച്ചതിന്റെ രണ്ടാം ദിവസം, ജൂണ്‍ 26-ന് ചേർന്ന മന്ത്രിസഭാ യോഗം ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ സേവനകാലാവധി നീട്ടിനല്‍കാൻ തീരുമാനിച്ചു. ജൂലൈ 31-ന് കാലാവധി അവസാനിക്കേണ്ടിയിരുന്നയാള്‍ക്ക് 2025 ജൂണ്‍ വരെ കാലാവധി നീട്ടി നല്‍കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

എന്നാല്‍ വിശ്വാസവഞ്ചന നടത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാലാവധിയാണ് നീട്ടിനല്‍കിയത് എന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഡി.ജി.പിയുടെ ചേമ്ബറില്‍ വെച്ച്‌ അഞ്ചുലക്ഷം രൂപ കൈമാറിയെന്ന പരാതിക്കാരന്റെ ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്. രണ്ട് ലക്ഷത്തിന്മേലുള്ള തുകയുടെ ഇടപാട് നേരിട്ട് നടത്തുന്നത് ആദായ നികുതി വകുപ്പിന്റെ മാർഗരേഖകള്‍ക്ക് വിരുദ്ധമാണ്.

സംസ്ഥാന പൊലീസ് മേധാവിയുടെ ചേമ്ബർ തന്നെ വ്യക്തിപരമായ പണമിടപാടുകള്‍ക്ക് ഉപയോഗിച്ചുവെന്നത് ചട്ടലംഘനം കൂടിയാണ്. സംഭവം വിവാദമായതോടെ ആഭ്യന്തര വകുപ്പ് ഇന്നലെ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷമടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ കുരുക്കിലായത്.

Leave a Reply

Your email address will not be published. Required fields are marked *