സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന് ക്ഷാമം; നാലു മാസമായി വാക്‌സിനില്ല

സംസ്ഥാനത്ത് മുതിര്‍ന്നവര്‍ക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന് കടുത്ത ക്ഷാമം. കഴിഞ്ഞ നാലു മാസമായി വാക്‌സീന്‍ ലഭിക്കാനില്ല.

രാജ്യത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്‍ നിര്‍മിക്കുന്ന പ്രധാന സ്ഥാപനങ്ങളില്‍നിന്ന് പുതിയ സ്റ്റോക്ക് എത്താത്തതാണ് വാക്‌സീന്‍ ക്ഷാമം രൂക്ഷമാക്കുന്നത്. ചില ഗവ.ആശുപത്രികളില്‍ ഉള്‍പ്പെടെ വാക്‌സീന്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവയ്പ് മുടങ്ങുന്ന സ്ഥിതിയാണ്.

ശരീര സ്രവങ്ങളിലൂടെ പകര്‍ന്ന് കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് ഈ വാക്‌സീന്‍. ചില വിദേശ രാജ്യങ്ങളില്‍ പഠനത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്‍ നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കും നിര്‍ബന്ധമായി പ്രതിരോധ കുത്തിവയ്പ് എടുക്കണം. സ്വകാര്യ ആശുപത്രികളിലും മരുന്നുവിതരണ സ്ഥാപനങ്ങളിലും മാസങ്ങളായി സ്റ്റോക്ക് ഇല്ല.

നവജാത ശിശുക്കള്‍ക്കു ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്‍ പ്രധാനമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള വാക്‌സീന്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണു വിവരം. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് തുടങ്ങിയ ചില സ്ഥാപനങ്ങള്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്‍ നിര്‍മിക്കുന്നത്. ഇവര്‍ നിര്‍മാണം നിര്‍ത്തിവച്ച്‌ വില വര്‍ധനയ്ക്കായി കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *