കണ്ണൂർ : കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി ജി ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച ട്രീറ്റ്മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള സമഗ്രമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. കാന്‍സര്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സകളും മരുന്നുകളും ലഭ്യമാക്കുന്നതിനും ഉതകുന്ന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെക്ക് പ്രത്യേക കൗണ്ടര്‍ വഴി ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. കാരുണ്യ ഫാര്‍മസികളിലൂടെ വിതരണം ചെയ്യുന്ന 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുമാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകള്‍ക്കുണ്ടാവും. വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവില്‍ 11,892 രൂപയ്ക്ക് രോഗികള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 30 വയസ്സിന് മുകളിലുള്ള ഒമ്ബത് ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സ്തനാര്‍ബുദമാണ് ഇതില്‍ പ്രധാനം. സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദവും വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു. വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുകയാണ് ഇത് തടയാനുള്ള മാര്‍ഗം. സെര്‍വിക്കല്‍ കാന്‍സര്‍ തടയാന്‍ വാക്സിനേഷന്‍ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചതായും ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ രണ്ടര കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഓങ്കോളജിയുമായി ബന്ധപ്പെട്ട പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ സാധിക്കും. നവ തലമുറയിലെ സംരംഭകരുടെ ശ്രദ്ധയിലേക്ക് ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരണം. ആരോഗ്യ മേഖലയില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ സാധാരണക്കാര്‍ എല്ലാവരും അറിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായിരുന്നു. പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ മികവിലൂടെ ആരോഗ്യരംഗത്ത് മികച്ച തലത്തില്‍ എത്തിനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ പത്ത് കാര്യങ്ങള്‍ വിഭാവനം ചെയ്തു. ഇതില്‍ ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധവും കാന്‍സര്‍ രോഗ നിയന്ത്രണവും ഉള്‍പ്പെടുന്നുണ്ട്. 14 ജില്ലകളിലും കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകള്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്കപ്പുറത്തേക്ക് ജില്ലാതലത്തില്‍ കാന്‍സര്‍ ട്രീറ്റ്മെന്റുകള്‍ എത്തിച്ചു. ഇന്ന് 28 ഓളം ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് നടക്കുന്നു. രോഗങ്ങളുടെ നേരത്തേയുള്ള പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും വേഗത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ മാരകമാകാതെ തടയാന്‍ സാധിക്കുന്നു എന്നതാണ് കാന്‍സറിന്റെ പ്രത്യേകത.
ഭയം മാറ്റിവെച്ച് പരിശോധന നടത്തുകയും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയും വേണം. കാന്‍സറിന്റെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ 95 ശതമാനവും സുഖമാകാനുള്ള സാധ്യതയുണ്ട്. നാലാം സ്റ്റേജില്‍ എത്തിക്കഴിഞ്ഞാല്‍ 20 ശതമാനത്തില്‍ താഴെയാണ് സുഖപെടാനുള്ള സാധ്യത. 30 വയസ്സിന് മുകളിലുള്ള എല്ലാവരും കാന്‍സര്‍ പരിശോധനയ്ക്ക് തയ്യാറാകണം. കാന്‍സര്‍ രോഗികള്‍ കുറവുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലോകത്തുള്ള നൂതന സാങ്കേതിക വികാസങ്ങള്‍ കാന്‍സര്‍ ചികിത്സയില്‍ കേരളത്തില്‍ കൊണ്ടുവന്നതിന് ഉദാഹരണമാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. രാജ്യത്തിന് തന്നെ മാതൃകയായ ഒട്ടേറെ അനുഭവങ്ങള്‍ ഈ സെന്റര്‍ വഴി ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഹെല്‍ത്ത് ഇന്‍ഡക്സ് മികച്ചതായി നില്‍ക്കുമ്ബോഴും ജീവിതശൈലി രോഗങ്ങള്‍ കൂടുന്നു. ജീവിതശൈലി രോഗങ്ങള്‍, പകര്‍ച്ചവ്യാധികളുടെ വ്യാപനം, ജന്തുജന്യ രോഗങ്ങളുടെ വര്‍ദ്ധനവ് ഇവയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. പൊതുജന ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളിലൂടെ ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. ഷാഫി പറമ്ബില്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ബി.എസ്.എന്‍.എല്‍ (സിവില്‍) ചീഫ് എന്‍ജിനീയര്‍ ആര്‍. സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനാറാണി ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.വസന്ത, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എം.സി.സി.-പി.ജി.ഐ.ഒ.എസ്.ആര്‍ ഡയറക്ടര്‍ ഡോ. ബി.സതീശന്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് പി.സി റീന, ക്ലിനിക്കല്‍ ലാബോറട്ടറി സര്‍വ്വീസസ് ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് വകുപ്പ് മേധാവി സംഗീത കെ.നായനാര്‍, കെ-ഡിസ്‌ക് മെമ്ബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.