സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ സംയുക്ത പരിശോധന; പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പരിശോധന നടത്തും

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍.

ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും.

റോഡ് സുരക്ഷാ അതോരിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും.

അതേസമയം, കോഴിക്കോട് കൈതപ്പൊയിലില്‍ വാഹനാപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ 10 ശബരിമല തീർത്ഥാടകരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *