സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം.
കുറേക്കാലമായി വൃക്ക-ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്‍ന്നിരുന്നു.
നവംബർ 11 നാണ് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്ക് എത്തിയത്. രണ്ട് ദിവസം മുൻപ് ബൈപാസ് സർജറിക്കും വിധേയനായിരുന്നു. പിന്നീട് അണുബാധ ഉണ്ടായതോടെ ആരോഗ്യനില വഷളായിരുന്നു.
2013ല്‍ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി. ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്.