സംഭല്‍ സംഘര്‍ഷം: സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്; ‘സുപ്രീംകോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം’

ഉത്തർപ്രദേശിലെ ശാഹി ജമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് സംഭലിലുണ്ടായ സംഘർഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്.

സംഭല്‍ സംഘർഷം തടയുന്നതില്‍ പരാജയപ്പെട്ട യോഗി സർക്കാറിനെ കടന്നാക്രമിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സമൂഹത്തെ ധ്രുവീകരിക്കാനും സംഘർഷം വർധിപ്പിക്കാനുമുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു.

‘യു.പിയിലെ സംഭലില്‍ നടന്ന അക്രമങ്ങളും കലാപങ്ങളും സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി ‘ഇരട്ട-എഞ്ചിൻ സർക്കാറിന്‍റെ’ വ്യക്തമായ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. സർവേ എന്ന് വിളിക്കുന്ന തിടുക്കത്തില്‍… ഈ പ്രദേശത്തെ ജനങ്ങളില്‍ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്.

പൊലീസിന്‍റെ കൊലപാതകങ്ങള്‍ ബോധപൂർവം കാര്യങ്ങള്‍ ഈ നിലയിലേക്ക് എത്തിച്ചെന്ന് ഒന്നിലധികം ഗ്രൗണ്ട് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കലാപത്തില്‍ സംസ്ഥാനത്തിന്‍റെ പങ്കാളിത്തം വ്യക്തമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആള്‍ക്കൂട്ട അക്രമത്തിന്‍റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും നിഷ്പക്ഷവും സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണം കാലഘട്ടത്തിന്‍റെ ആവശ്യമാണ്’. കെ.സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

കോടതി ഉത്തരവിനെ തുടർന്ന് നവംബർ 19ന് ചരിത്ര പ്രസിദ്ധമായ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ആദ്യ സർവേക്കു പിന്നാലെ സംഭല്‍ സംഘർഷഭരിതമായിരുന്നു. മസ്ജിദ് നിന്ന സ്ഥലത്ത് ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നെന്നും 1529ല്‍ മുഗള്‍ ചക്രവർത്തി ബാബർ തകർത്തെന്നും ആരോപിച്ചുള്ള പരാതിയിലായിരുന്നു കോടതി സർവേക്ക് ഉത്തരവിട്ടത്. ഞായറാഴ്ച വീണ്ടും സർവേ ആരംഭിച്ചതോടെയാണ് മസ്ജിദിനു സമീപം തടിച്ചുകൂടിയവരും പൊലീസും തമ്മില്‍ സംഘർഷം നിയന്ത്രണാതീതമായത്. മരണത്തിനിടയാക്കിയത് തങ്ങളല്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പൊലീസ് വെടിവെക്കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച വാർത്തസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, സംഘർഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച്‌ ഒരേ സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭലില്‍ നിന്നുള്ള സമാജ്‍വാദി പാർട്ടി എം.പി സിയാഉ റഹ്മാൻ ബർഖ്, പാർട്ടി എം.എല്‍.എ ഇഖ്ബാല്‍ മഹ്മൂദിന്റെ മകൻ നവാബ് സുഹൈല്‍ ഇഖ്ബാല്‍ തുടങ്ങിയ ആറുപേർ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 2750 പേർക്കുമെതിരെയും കേസെടുത്തു.

ഞായറാഴ്ചത്തെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. വെടിവെപ്പില്‍ പരിക്കേറ്റ് 20ലേറെ പേർ ചികിത്സയിലാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പ്രാഥമികാന്വേഷണ റിപ്പോർട്ടുകള്‍ പൊലീസ് സമർപ്പിച്ചു. സംഭലില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളടക്കം മറ്റു നാട്ടുകാർക്ക് പ്രവേശനവും വിലക്കി. സംഭല്‍ താലൂക്കില്‍ ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച സ്കൂളുകള്‍ പ്രവർത്തിച്ചില്ല. അക്രമ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *