റഷ്യ-യുക്രയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണ്‍ സംഭാഷണം നടത്തി ചൂടാറുന്നതിനു മു
മ്ബേ തെക്കൻ യുക്രെയ്നില്‍ റഷ്യൻ ആക്രമണം. റഷ്യ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഒറ്റരാത്രികൊണ്ട് അഞ്ചു പേർ കൊല്ലപ്പെടുകയും അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 19 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായും പ്രാദേശിക ഗവർണർ അറിയിച്ചു. കിയവിനടുത്ത മൈക്കോളൈവ് മേഖലയില്‍ നാലുപേരും സപ്പോരിജിയ മേഖലയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. സപ്പോരിജിയയില്‍ പരിക്കേറ്റവരില്‍ നാലിനും 17 നും ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു.
തങ്ങളുടെ ആക്രമണങ്ങളില്‍ സിവിലിയന്മാരെ ലക്ഷ്യം വെക്കുന്നത് ഇരുപക്ഷവും നിഷേധിക്കുന്നു. എന്നാല്‍ 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിന്റെ കിഴക്കൻ പകുതിയിലെ ഭൂരിഭാഗവും വ്യോമാക്രമണ ഭീഷണിക്ക് കീഴിലാണ്. കഴിഞ്ഞദിവസം റഷ്യ-യു.എസ് പ്രസിഡന്റുമാർ സംഘർഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിരുന്നു.
യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പില്‍ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുട്ടിനെ ഓർമിപ്പിച്ചു. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണില്‍ സംസാരിച്ചത്.