ഷൊര്‍ണൂര്‍ സര്‍ക്കിളില്‍ വൈദ്യുതിലൈൻ കവചിത കേബിളുകളാക്കുന്നു

കെ.എസ്.ഇ.ബി ഷൊർണൂർ സർക്കിളിന് കീഴിലെ വൈദ്യുതിലൈനുകളിലെ അലുമിനിയം കമ്ബികള്‍ മാറ്റി കവചിത കേബിളുകളാക്കി മാറ്റുന്നു.

സർക്കിളിന് കീഴിലെ ഷൊർണൂർ, പട്ടാമ്ബി, മണ്ണാർക്കാട് ഡിവിഷനുകളിലാണ് 83 കോടി രൂപ ചെലവില്‍ നവീകരണം നടത്തുന്നത്.

വൈദുതി വിതരണത്തിലെ തടസ്സങ്ങളും പ്രസരണ നഷ്ടവും അപകടങ്ങളും കുറക്കാനാണ് ഇൻസുലേറ്റഡ് കേബിള്‍ (കവേർഡ് കണ്ടക്ടർ ) സംവിധാനം സ്ഥാപിക്കുന്നത്. മൂന്ന് ഡിവിഷനുകളിലായി 29 സെക്ഷനുകള്‍ ഷൊർണൂർ സർക്കിളിന് കീഴിലുണ്ട്.

ഇതില്‍ വാണിയംകുളം സെക്ഷനിലെ ഷൊർണൂർ കുളപ്പുള്ളി സബ് സ്റ്റേഷൻ മുതല്‍ കൂനത്തറ വരെയുള്ള 2.8 കിലോമീറ്റർ ദൂരത്ത് കവചിത കേബിളുകളാക്കി കഴിഞ്ഞു.

ഒരു തടസ്സവുമില്ലാതെ ദിവസവും വൈദ്യുതി നല്‍കുകയാണ് കേന്ദ്ര സർക്കാരിന്റെ ആർ.ഡി.എസ്.എസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ കേബിളുകള്‍ വലിക്കുന്നതിനൊപ്പം ഭാരം താങ്ങാൻ പറ്റാത്ത, കാലപ്പഴക്കം ചെന്ന തൂണുകള്‍ മാറ്റുന്നുമുണ്ട്. ഇതോടൊപ്പം തൂണുകളില്‍ വയറുകള്‍ ഘടിപ്പിക്കുന്ന കോമ്ബോസിറ്റ് പിന്നുകളും മാറ്റുന്നുണ്ട്. മഴക്കാലമായാല്‍ കെ.എസ്.ഇ.ബി.ക്ക് നേരിടേണ്ടി വരുന്ന നിരവധി പ്രശ്നങ്ങള്‍ കവചിത കേബിളുകളാക്കുന്നതോടെ ഏറെ പരിഹരിക്കപ്പെടും.

മരങ്ങള്‍ കടപുഴകിയും കൊമ്ബുകള്‍ പൊട്ടിവീണും വൈദ്യുതി കമ്ബികള്‍ പൊട്ടുന്നതിനും തൂണുകള്‍ മറിയുന്നതിനുമൊക്കെ കാരണമാകാറുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ അപകടങ്ങളിലേക്കും നയിക്കാറുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ കെ.എസ്.ഇ.ബിക്കുണ്ടാവുന്നുമുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതിനാല്‍ ജനങ്ങളും ഏറെ വലയും.

ഇതിനെല്ലാം പുതിയ സംവിധാനം പൂർത്തിയാകുന്നതോടെ ഏറെക്കുറെ പരിഹാരമാവുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിനായി വൈദ്യുതി ഓപറേറ്റർ പ്രോജക്‌ട് മാനേജ്‌മെന്റ് യൂനിറ്റാണ്ട് നേതൃത്വം നല്‍കുന്നത്

Leave a Reply

Your email address will not be published. Required fields are marked *