ഷെയര്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന്‌ 29 ലക്ഷം തട്ടിയ തെലങ്കാന സ്വദേശി അറസ്‌റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട്‌ ഷെയര്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കി തരാമെന്നു വാഗ്‌ദാനം ചെയ്‌ത് 29 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടത്തിയ സംഘത്തിലെ തെലങ്കാന സ്വദേശി അറസ്‌റ്റില്‍.

ബെണ്ടലഗുഡ, ബാബാ നഗര്‍ സ്വദേശിയായ മുഹമ്മദ്‌ അദ്‌നാനിനെ(27)യാണ്‌ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഏലിയാസ്‌ പി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.
ആലപ്പുഴ കളപ്പുര സ്വദേശിയാണ്‌ തട്ടിപ്പിനിരയായത്‌. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട്‌ ഷെയര്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന്‌ പറഞ്ഞ്‌ ചാറ്റ്‌ ചെയ്‌ത് പ്രതി വിശ്വസിപ്പിച്ചു. തുടര്‍ന്ന്‌ വ്യാജമായ വെബ്‌ അപ്ലിക്കേഷന്‍ ലിങ്ക്‌ അയച്ചുകൊടുത്താണ്‌ അതിലൂടെ കഴിഞ്ഞ ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളിലായി 29,03,870 രൂപ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ കൈക്കലാക്കി വഞ്ചിച്ചത്‌. ഷെയര്‍ ട്രേഡിങ്‌ വെബ്‌സൈറ്റിന്റെ നാല്‍പതാം വാര്‍ഷികം ആണെന്നും 10000 ഡോളര്‍ നിക്ഷേപിച്ചാല്‍ 1388 ഡോളര്‍ ലാഭമായി ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ്‌ പണം വാങ്ങിയതെന്ന്‌ തട്ടിപ്പിനിരയായ ആള്‍ പറയുന്നു.
ട്രേഡ്‌ ചെയ്‌തതായി കാണിച്ച്‌ വ്യാജ വെബ്‌സൈറ്റില്‍ ബോണസ്‌ വന്നതായി കാണിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈ തുക കൃത്രിമമായാണ്‌ വെബ്‌ സൈറ്റില്‍ കാണിച്ചത്‌. ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പണം ഹോള്‍ഡ്‌ ചെയ്‌താല്‍ കൂടുതല്‍ ലാഭമുണ്ടാക്കാമെന്നുപറഞ്ഞു പണം പിന്‍വലിക്കുന്നതിനെ പ്രതി നിരുത്സാഹപ്പെടുത്തി. തുടര്‍ന്ന്‌ ആലപ്പുഴ സ്വദേശി കൂടുതല്‍ പണം വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ അയച്ചുകൊണ്ടിരുന്നു. ആ സമയത്തും ലാഭം ലഭിച്ചുകൊണ്ടിരിക്കുന്നതായി കൃത്രിമമായി നിര്‍മ്മിച്ച വെബ്‌ ആപ്ലിക്കേഷനിലൂടെ കാണിച്ചു കൊണ്ടിരുന്നു.
തുടര്‍ന്ന്‌ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന്‍ ലാഭവും മുതലും മൊത്തമായി പിന്‍വലിക്കുന്നതിന്‌ ശ്രമിച്ചപ്പോള്‍ 30% ആദായ നികുതി അടയ്‌ക്കുന്നതിന്‌ ആവശ്യപ്പെടുകയും തുടര്‍ന്നാണ്‌ തട്ടിപ്പാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തത്‌.
ആലപ്പുഴ സ്വദേശി 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്‌ പോര്‍ട്ടലിന്റെ നമ്ബരില്‍ ബന്ധപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തി വരികയായിരുന്നു. ആലപ്പുഴ സ്വദേശിക്ക്‌ നഷ്‌ടപ്പെട്ട വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലെ ആറ്‌ ലക്ഷത്തില്‍പരം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞു.
തുടര്‍ന്ന്‌ ആലപ്പുഴ നര്‍കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി ബി.പങ്കജാക്ഷന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി, ബീഹാര്‍, ആസാം, ജാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, ഹൈദരാബാദ്‌ തുടങ്ങിയ സ്‌ഥലങ്ങളിലുള്ളവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ പണം എത്തിയതെന്ന്‌ വ്യക്‌തമായി. ഇവരുടെ വിവരങ്ങളും തെളിവുകളും ശേഖരിച്ച്‌ ആലപ്പുഴ ചീഫ്‌ ജുഡീഷ്‌ല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ആലപ്പുഴയില്‍ നിന്നുള്ള സംഘം തെലങ്കാന സംസ്‌ഥാനത്ത്‌ തുടര്‍ച്ചയായ അഞ്ചുദിവസം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതി വലയിലായത്‌.
എല്‍.ബി. നഗര്‍ അഡീഷണല്‍ മെട്രോപോളിന്‍ മജിസ്‌ട്രേറ്റ്‌ കോടതി മുമ്ബാകെ ഹാജരാക്കിയ പ്രതിയെ ട്രാന്‍സിറ്റ്‌ റിമാന്‍ഡ്‌ സഹിതം ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. ഇയാള്‍ തെലങ്കാന ഹയാത്ത്‌ നഗര്‍ സ്വദേശിയായ ഒരു ഡോക്‌ടറെ ഷെയര്‍ ട്രേഡിങ്‌ നടത്താമെന്നു പറഞ്ഞ്‌ ഇത്തരത്തില്‍ വഞ്ചിച്ച്‌ രണ്ടു കോടി 80 ലക്ഷം രൂപ തട്ടിയതായും തെലങ്കാന നച്ചാരം സ്വദേശിയായ മധ്യവയസ്‌കനു ഷെയര്‍ ട്രേഡിംഗ്‌ നടത്താമെന്ന്‌ പറഞ്ഞു വഞ്ചിച്ചു രണ്ടു കോടി 19 ലക്ഷം രൂപ തട്ടിയതായും രണ്ട്‌ കേസുകള്‍ നിലവിലുണ്ട്‌. ആലപ്പുഴ ചീഫ്‌ ജുഡീഷ്‌ല്‍ മജിസ്‌ട്രേറ്റ്‌ കോടതി മുമ്ബാകെ ഹാജരാക്കിയ മുഹമ്മദ്‌ അദ്‌നാനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *