ഷിൻഡെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേന, ഫഡ്‌നാവിസിനെ പിന്തുണക്കാമെന്ന് അജിത് പവാ‌ര്‍ പക്ഷം

 മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരികെയെത്തിയിട്ടും മഹായുതി സഖ്യത്തിന്റെ മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ തീരുമാനമായില്ല.

ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കാം എന്നാണ് എൻസിപി (അജിത് പവാർ പക്ഷം) ബിജെപിയുമായുള്ള ചർച്ചയ്‌ക്ക് ശേഷം വ്യക്തമാക്കിയത്. 288 അംഗ നിയമസഭയില്‍ 41 സീറ്റുകളാണ് അജിത് പവാർ പക്ഷം എൻസിപിയ്‌ക്ക് ഉള്ളത്.

എന്നാല്‍ ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം) മുഖ്യമന്ത്രിയായി ഷിൻഡെ തന്നെ തുടരണം എന്നാണ് ആവശ്യപ്പെടുന്നത്. സ്‌ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന്റെ പദ്ധതി ‘മുഖ്യമന്ത്രി മഝി ലഡ്‌കി ബഹൻ യോജന’ വഴിയാണ് അധികാരത്തില്‍ മഹായുതി സഖ്യം തിരികെയെത്തിയതെന്നാണ് ഏക്‌നാഥ് ഷിൻഡെയുമായി ചേർന്ന് നില്‍ക്കുന്നവർ പറയുന്നത്. തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് മഹാരാഷ്‌ട്രയില്‍ സത്യപ്രതി‌ജ്ഞ മാറ്റിവയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ തന്റെ പദ്ധതികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിച്ചെന്ന് ഏക്‌നാഥ് ഷിൻഡെ മുൻപ് വ്യക്തമാക്കിയിരുന്നു.

132 സീറ്റുകളില്‍ വിജയിച്ച ബിജെപിയ്‌ക്ക് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാനാണ് താല്‍പര്യം. പുതിയ മന്ത്രിസഭയില്‍ ബിജെപിക്ക് 24ഉം ഷിൻഡെ വിഭാഗത്തില്‍നിന്ന് 12പേരും ഉണ്ടാകുമെന്നാണ് സൂചന. എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും 10 മന്ത്രിമാരുണ്ടാകും.

കൂടുതല്‍ ചർച്ചകള്‍ക്കായി ഫഡ്‌നാവിസും, ഷിൻഡെയും അജിത് പവാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇവർ ഡല്‍ഹിക്ക് പോകില്ല എന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം ശിവസേന ഏക്‌നാഥ് ഷിൻഡെയെ പാർലമെന്ററി നേതാവായി തിരഞ്ഞെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *