ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവറായ അർജുനായുള്ള തിരച്ചില്‍ നീളും .ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്ബനിയുടെ പ്രതികരണം.
ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മലയാളി ഡ്രൈവറായ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു.
ഇന്ന് നടത്തിയ തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാല്‍പയുടെ സംഘത്തിന്റേതാണ് നിർണായക കണ്ടെത്തല്‍. വലിച്ചു കയറ്റിയ ലോഹഭാഗങ്ങള്‍ക്കൊപ്പമാണ് കയറും ലഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയോടെ ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഷിരൂരില്‍ ഒരാഴ്ച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ വരും ദിവസങ്ങളില്‍ ദൗത്യത്തിന് തടസമാകുമോയെന്ന ആശങ്കയിലാണ് ദൗത്യ സംഘം.
ആഴങ്ങളില്‍ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചില്‍ ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചില്‍. ഈശ്വർ മാല്‍പെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഇന്ന് ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാല്‍ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മണ്‍കൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.