ശോഭ കരന്ദ്‍ലാജെക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ബൈരതി സുരേഷ്

കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‍ലാജെക്കെതിരെ ഗുരുതര ആരോപണവുമായി കർണാടക മന്ത്രി ബൈരതി സുരേഷ് രംഗത്തുവന്നു.

ബൈരതി സുരേഷിനെതിരെ കഴിഞ്ഞദിവസം ശോഭ കരന്ദ്‍ലാജെ ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പ്രതികരണം. മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ഭാര്യ മൈത്രദേവിയുടെ മരണത്തില്‍ മന്ത്രി ശോഭ കരന്ദ്‍ലാജെക്ക് പങ്കുണ്ടെന്ന് ആരോപിച്ച മന്ത്രി ബൈരതി സുരേഷ് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

യെദിയൂരപ്പയുടെ ഭാര്യ മൈത്രദേവിയെ 2004ല്‍ വീടിന് സമീപത്തെ ചളിക്കുണ്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ‘ശോഭ കരന്ദ്‍ലാജെയെക്കുറിച്ച്‌ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യെദിയൂരപ്പയുടെ ഭാര്യ മൈത്ര ദേവിയുടെ മരണത്തെക്കുറിച്ച്‌ ഞാൻ ചോദ്യമുയർത്താൻ ആഗ്രഹിക്കുന്നു. ആ മരണത്തില്‍ എനിക്ക് സംശയമുണ്ട്.

സംഭവത്തില്‍ ശോഭ കരന്ദ്‍ലാജെക്കെതിരെ അന്വേഷണം നടക്കുകയും അവരെ അറസ്റ്റു ചെയ്യുകയും വേണം.’- ബൈരതി സുരേഷ് ബംഗളൂരുവില്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൈസൂർ നഗരവികസന അതോറിറ്റിയിലെ (മുഡ) നിർണായ രേഖകകള്‍ മന്ത്രി ബൈരതി സുരേഷ് നശിപ്പിച്ചതായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ശോഭകരന്ദ്‍ലാജെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശോഭ കരന്ദ്‍ലാജെക്കെതിരെ രൂക്ഷ വിമർശനവുമായി ബൈരതി സുരേഷ് രംഗത്തുവന്നത്.

ശോഭക്കെതിരായ ബൈരതി സുരേഷിന്റെ ആരോപണത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് മുൻ മന്ത്രിയും ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായിരുന്ന എം.പി. രേണുക സ്വാമി പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും സ്ത്രീകളെ അവമതിക്കുന്നതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *