ശുചിമുറിയ്‌ക്കായി കുഴിയെടുത്തപ്പോള്‍ ലഭിച്ചത് 2500 വര്‍ഷം പഴക്കമുള്ള അവശേഷിപ്പുകള്‍

പേരാമ്ബ്ര ചേനോളിയില്‍ വീട്ടുമുറ്റത്ത് ഗുഹ കണ്ടെത്തി. ഒറ്റപുരയ്‌ക്കല്‍ സുരേന്ദ്രന്റെ പുരയിടത്തിലാണ് ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ശുചിമുറിക്കായി കുഴിയെടുത്തപ്പോഴാണ് ഗുഹ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ കരിങ്കല്ല് കൊണ്ടുള്ള വാതില്‍പ്പാളിയില്‍ തട്ടുകയായിരുന്നു. ഗുഹാ കവാടം അടയ്‌ക്കാൻ ഉപയോഗിച്ച കരിങ്കല്‍പ്പാളി നീക്കം ചെയ്തപ്പോഴാണ് മണ്‍പാത്രങ്ങള്‍ ലഭിച്ചത്.

അല്‍പ്പം കുഴിച്ചപ്പോള്‍ തന്നെ ഉപ്പുപാറക്കല്ല് പാകിയത് കണ്ടിരുന്നുവെന്ന് വീട്ടുടമ സുരേന്ദ്രൻ പറഞ്ഞു. പിന്നീട് കുറച്ച്‌ കൂടി കുഴിച്ച്‌ നോക്കിയപ്പോള്‍ മണ്‍കലങ്ങളുടെ കഷ്ണം കിട്ടി. 2500 വർഷങ്ങള്‍ക്ക് മുമ്ബ് ശവസംസ്കാരത്തിന് വേണ്ടി ഉപയോഗിച്ച ചെങ്കല്‍ അറയെന്നാണ് ആർക്കിയോളജിക്കല്‍ ഡിപ്പാർട്ട്മെന്റ് പറയുന്നത്, സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കുടുംബം തലമുറുകളായി താമസിച്ച്‌ വരുന്ന ഭൂമിയാണിത്. ഗുഹ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. വലിയ ആശ്ചര്യത്തോടെയാണ് പ്രദേശവാസികള്‍ പുരാവസ്തുക്കളും ഗുഹയും നോക്കിക്കാണുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പ് സ്ഥലം സന്ദർശിച്ചു. കൂടുതല്‍ മണ്ണ് നീക്കം ചെയ്തുകൊണ്ടുള്ള പരിശോധനയ്‌ക്ക് ഒരുങ്ങുകയാണ് വകുപ്പ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *