കാഞ്ഞിരപ്പുഴ: ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള റോഡ് നവീകരിക്കാൻ 16 കോടിയുടെ പദ്ധതി തയ്യാറാക്കുകയാണ് ജലവിഭവ വകുപ്പ് ശിരുവാണി സെക്ഷൻ.ഗാബിയോണ്‍ അരികു ഭിത്തികളും ഓടകളും നിർമ്മിച്ചു റോഡ് പൂർണമായും റീ ടാർ ചെയ്യാനാണ് ആലോചന. ഇത് സംബന്ധിച്ച് സാദ്ധ്യത റിപ്പോർട്ട് ജലവിഭവ വകുപ്പിനു സമർപ്പിക്കുകയും ചെയ്തു. റോഡ് പുനർനിർമ്മാണം വിനോദസഞ്ചാരികള്‍ക്കും ജലസേചന, വനംവകുപ്പുകള്‍ക്കും ശിങ്കപ്പാറ പട്ടികവർഗ ഗ്രാമത്തിനും ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ ഇടക്കുറുശ്ശിക്കു സമീപം ശിരുവാണി ജംഗ്ഷനില്‍ നിന്നാരംഭിച്ച് കേരള മേട് വരെ 29 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. പദ്ധതിയുടെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഗാബിയോണ്‍ ഭിത്തികള്‍ നിർമ്മിക്കേണ്ടിവരും. ഇതിന്റെ രൂപരേഖ തയാറാക്കുന്നതിനായി ഡിസൈൻ വിഭാഗത്തെ ഏല്‍പിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്ബ് ശിരുവാണി ജംഗ്ഷനില്‍ നിന്ന് ഇഞ്ചിക്കുന്ന് ചെക്‌പോസ്റ്റ് വരെയുള്ള ഭാഗത്തു റോഡ് പ്രവൃത്തി നടത്തിയിരുന്നു. ഇഞ്ചിക്കുന്ന് മുതല്‍ എസ് വളവുവരെയുള്ള ഭാഗത്തും കേരള മേടിനു സമീപത്തുമാണു നിലവില്‍ റോഡില്‍ കുഴികളുള്ളത്. ഗാബിയോണിന്റെ രൂപരേഖ പൂർത്തിയാക്കി അനുമതിയായാല്‍ ശിരുവാണി സെക്ഷൻ തുടർനടപടികളിലേക്കു കടക്കും.
കോണ്‍ക്രീറ്റിംഗ് ആരംഭിച്ചു
പ്രകൃതിരമണീയമായ ശിരുവാണിയിലേക്കുള്ള ഇക്കോടൂറിസം കഴിഞ്ഞ നവംബറില്‍ വനംവകുപ്പ് ആരംഭിച്ചിരുന്നു. റോഡ് നവീകരണം കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനും കാരണമാകും. ശിരുവാണി റോഡില്‍ കുഴികളേറെയുള്ള ലതാമുക്ക് ഭാഗത്ത് 16 മീറ്റർ ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്യല്‍ ആരംഭിച്ചു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി 25 വരെ റോഡ് അടച്ചിടും. ശിങ്കപ്പാറ പട്ടിക വർഗ ഗ്രാമവാസികളുടെ ആവശ്യം പരിഗണിച്ചും വിനോദസഞ്ചാരികള്‍ക്ക് സുഗമമായി യാത്ര ഒരുക്കുന്നതിനുമാണ് റോഡ് പ്രവൃത്തി നടത്തുന്നത്. അതേസമയം റോഡ് നവീകരണ നടക്കുന്ന ദിവസങ്ങളില്‍ ശിരുവാണിയിലേക്ക് സന്ദർശകരെ താല്‍ക്കാലികമായി പ്രവേശിപ്പിക്കില്ലെന്നും 26 മുതല്‍ ബുക്കിംഗ് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.