താലൂക്കാശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഇപ്പോഴും എക്സ്റേ എടുക്കാൻ കഴിയുന്നില്ലെന്ന് പരാതി.
കഴിഞ്ഞദിവസങ്ങളില്‍ എക്സറേ എടുക്കാൻ എത്തിയവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ 25നാണ് ആശുപത്രിയിലെ എക്സ്റേ യൂനിറ്റിന്‍റെ പ്രവർത്തനം പുനരാരംഭിച്ചത്.
ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കെട്ടിടത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് എക്സ്റേ യൂനിറ്റ് പ്രവർത്തിച്ചിരുന്നകെട്ടിടം പൊളിച്ചതോടെ രണ്ടുവർഷം മുമ്ബ് പ്രവർത്തനം നിർത്തുകയായിരുന്നു.
ഇതോടെ ആശുപത്രിയില്‍ എത്തുന്നവർക്ക് എക്സ്റേ എടുക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നു. താലൂക്ക് ആശുപത്രിയിലേതിനെക്കാള്‍ ആറും ഏഴും ഇരട്ടി തുക കൊടുത്ത് പുറത്തുനിന്ന് എക്സ്റേ എടുക്കേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ആശുപത്രി വികസനത്തിന് വേണ്ടി വിട്ടുനല്‍കിയ പഞ്ചായത്ത് കോംപ്ലക്സില്‍ എക്സ്റേ യൂനിറ്റിന്‍റെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
കോവൂർ കുഞ്ഞുമോൻ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ഉദ്ഘാടന ചടങ്ങ് നടത്തിയ എക്സ്റേ യൂനിറ്റാണ് ഇപ്പോള്‍ പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നത്. രണ്ട് വർഷത്തോളം ഉപയോഗിക്കാതിരുന്നതിനാല്‍ തകരാർ പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.
രാത്രി ഏഴ് മുതല്‍ രാവിലെ എട്ടുവരെ ആശുപത്രിയില്‍ എക്സ്റേ സംവിധാനം ഇല്ലാത്തത് രാത്രിയില്‍ അത്യാഹിതങ്ങളില്‍പെട്ട് വരുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
ഇതിനെതിരെയും പ്രതിഷേധമുണ്ട്. ആശുപത്രിയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സ്റേ യൂനിറ്റ് ആരംഭിക്കണമെന്നാണ് ആവശ്യം.