കൊല്ലം:
അധികൃതർ പോയതിനു പിന്നാലെ ജിബിനും സംഘവും കുഴി മാന്തി പന്നിയുടെ മാംസം മുറിച്ചു വില്പന നടത്തുകയായിരുന്നു
അഞ്ചലിൽ വെടിവെച്ചു കൊന്ന് കുഴിച്ചിട്ട കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി വിറ്റ യുവാവ് പിടിയിൽ. വനപാലകരാണ് പ്രതിയെ പിടികൂടിയത്. ഏരൂർ വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനിൽ ജിബിൻ ജോസഫാണ് അറസ്റ്റിലായത്. ജിബിന്റെ പക്കൽനിന്ന് മൂന്ന് കിലോ പന്നി ഇറച്ചി വനപാലകർ പിടികൂടി. കറുപ്പയ്യ സുരേഷ് എന്ന മറ്റൊരു പ്രതിയേയും പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്. കൃഷി നശിപ്പിച്ച പന്നിയെ ഏരൂർ പഞ്ചായത്ത് നൽകിയ നിർദേശത്തെ തുടർന്നാണ് വിളക്കുപാറ കമ്പകത്തടത്തിൽ പള്ളിക്കു സമീപത്തുവച്ച് ലൈസൻസുള്ള ഷൂട്ടർ വെടിവെച്ചു കൊന്നത്. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പന്നിയെ മറവ് ചെയ്യുകയായിരുന്നു. എന്നാൽ അധികൃതർ പോയതിനു പിന്നാലെ ജിബിനും സംഘവും സ്ഥലത്തെത്തുകയും ഇവർ കുഴി മാന്തി പന്നിയുടെ ജഡം പുറത്തെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയും മാംസം മുറിച്ചു വില്പന നടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ച അഞ്ചൽ റേഞ്ച് ഫോറസ്റ്റ് അധികൃതർ പ്രതിയുടെ വീട്ടിൽനിന്ന് ഇറച്ചി കണ്ടെത്തി