നാളുകളായി മലയാളി മനസ്സിനെ നൊമ്ബരപ്പെടുത്തുന്ന നാമമാണ് നിമിഷ പ്രിയ… രണ്ട് ദിവസങ്ങളായി അതൊരു ദുരന്തമായി പര്യവസാനിക്കുമോ എന്ന ആധിയിലാണ് മലയാളി മനസ്സ്.
ബിസിനസ്സ് പങ്കാളിയായ യമന് പൗരനെ വധിച്ച കേസില് 2017 മുതല് യമന് തലസ്ഥാനമായ സന്ആയിലെ ജയിലില് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ വധശിക്ഷ യമന് പ്രസിഡന്റ് ശരിവച്ചതോടെയാണ് ഈ ഉല്ക്കണ്ഠ വര്ധിച്ചത്. ഒരു പക്ഷേ, ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം. കൊല്ലപ്പെട്ട യമന് പൗരന് തലാല് അബ്ദുമെഹ്ദിയുടെ കുടുംബം ദിയാധനം (ബ്ലഡ്മണി) വാങ്ങി മാപ്പ് കൊടുക്കാന് തയ്യാറാവുകയും അദ്ദേഹത്തിന്റെ ഗോത്രം അതിനെ അംഗീകരിക്കുകയും ചെയ്താല് നിമിഷ പ്രിയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയും അസ്തമിച്ചിട്ടില്ല. അങ്ങിനെ സംഭവിക്കട്ടേയെന്ന പ്രാര്ഥനയിലാണ് മലയാളി മണ്ണും മനസ്സും…
നിമിഷ പ്രിയക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്ക്കാര് ഉറപ്പ് നല്കിയിട്ടുമുണ്ട്.
വാട്ടര് ടാങ്കില് നിന്ന് ദുര്ഗന്ധം വമിച്ചപ്പോള്
തലാല് അബ്ദുമെഹ്ദിയുടെ സ്പോണ്സര്ഷിപ്പില് യമനില് ക്ലിനിക്ക് നടത്തിവരികയായിരുന്നു നഴ്സ് കൂടിയായ നിമിഷ പ്രിയ. ഇവര് താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര് ടാങ്കില് നിന്ന് ദുര്ഗന്ധം വമിക്കുന്നെന്ന നാട്ടുകാരുടെ പരാതിയില് പൊലിസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. നൂറുകണക്കിന് കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് മൃതദേഹം ജലസംഭരണിയില് നിന്ന് പൊലിസ് കണ്ടെടുത്തത്. തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില് കേസെടുത്ത പൊലിസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ഇതിനിടെ 580 കിലോമീറ്റര് അകലെ ഹദര്മൗത്തില് വച്ചാണ് നിമിഷ പ്രിയ അറസ്റ്റിലായത്.