2021 ഫെബ്രുവരിയില്‍ നടപ്പാക്കിയ ശമ്ബള പരിഷ്കരണത്തിന് സർക്കാർ അനുമതി വാങ്ങണമെന്ന വൈദ്യുതി റെഗുലേറ്ററി കമീഷൻ നിർദേശം കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായി.
2022-23 ലെ ട്രൂയിങ് അപ് അക്കൗണ്ട് അപേക്ഷയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് ശമ്ബള പരിഷ്കരണത്തിന് മൂന്നു മാസത്തിനകം സർക്കാർ അനുമതി ലഭ്യമാക്കണമെന്ന് കമീഷൻ നിർദേശിച്ചത്. ഡി.എ കുടിശ്ശിക നല്‍കണമെന്ന ആവശ്യമടക്കം ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിക്കുന്നതിനിടെയാണ് റെഗുലേറ്ററി കമീഷൻ ഇടപെടല്‍. ശമ്ബള പരിഷ്കരണത്തിന്‍റെ അടിസ്ഥാനത്തില്‍ 2022-23 ല്‍ നല്‍കേണ്ട മറ്റ് അനൂകൂല്യങ്ങള്‍ സർക്കാർ അനുമതി വാങ്ങിയുള്ള ഉത്തരവിന് ശേഷമേ നല്‍കാവൂവെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡി.എ നല്‍കുന്നതുമായി ബന്ധപ്പെട്ട ഡയറക്ടർ ബോർഡില്‍ സർക്കാർ അനുമതിയില്ലാതെ ശമ്ബളം പരിഷ്‌കരിച്ചതിനാല്‍ ജീവനക്കാർ വാങ്ങുന്ന അധികശമ്ബളവും പെൻഷനും തിരിച്ചുപിടിക്കണമെന്ന് ഊർജവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നിർദേശിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഡി.എ കൂട്ടണമെന്ന ആവശ്യത്തില്‍ ഡയറക്ടർ ബോർഡ് യോഗത്തില്‍ നടന്ന ചർച്ചയിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഈ നിർദേശം ഉന്നയിച്ചത്. അന്ന് ഡി.എ പരിഷ്‌കരിക്കേണ്ടതില്ലെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചെങ്കിലും കഴിഞ്ഞ മാസം ഒരു ഗഡു ഡി.എ അനുവദിക്കാൻ തീരുമാനം എടുത്തു.
അതേസമയം, ത്രികക്ഷി കരാർപ്രകാരം നടപടി പൂർത്തിയാക്കിയാണ് ശമ്ബള പരിഷ്‌കരണം നടപ്പാക്കിയതെന്നാണ് കെ.എസ്.ഇ.ബി വാദം. എന്നാല്‍, 2021 ലെ ശമ്ബള-പെൻഷൻ പരിഷ്കരണം വലിയ ബാധ്യതയുണ്ടാക്കുമെന്നും ഇതു വൈദ്യുതി ഉപയോഗിക്കുന്നവർക്കു മേല്‍ അധിക നിരക്കായി വരുമെന്നും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറല്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന സർക്കാറും ധനവകുപ്പും സി.എ.ജിയും മുന്നറിയിപ്പ് നല്‍കിയിട്ടും ശമ്ബള പരിഷ്കരണം നടപ്പാക്കുന്നത് ആവർത്തിക്കുകയാണ് കെ.എസ്.ഇ.ബി എന്ന വിമർശനവുമുണ്ടായി.